കൊച്ചി - ശബരിമലയില്‍ നേരിട്ട ബുദ്ധിമുട്ട് സംബന്ധിച്ച് ഭക്തരുടെ 300 പരാതികള്‍ ഹൈക്കോടതി രജിസ്ട്രിക്ക് ലഭിച്ചുവെന്ന് ദേവസ്വം ബെഞ്ച്. ഇ മെയിലിലൂടെയാണ് പരാതികള്‍ ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി. പലതും ചീഫ് ജസ്റ്റിസിന് ലഭിച്ച പരാതിയാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പതിനെട്ടാം പടിക്കും ത്രിവേണി പാലത്തിനും സമീപം ഭക്തര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ശബരിമല ചീഫ് പോലീസ് കോഡിനേറ്റര്‍ റിപ്പോര്‍ട്ട് നല്‍കണം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
എരുമേലിയില്‍ സ്വകാര്യ പാര്‍ക്കിംഗിന് ഇരട്ടി നിരക്ക് ഈടാക്കുന്നുവെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. അധിക പാര്‍ക്കിംഗ് നിരക്ക് ഈടാക്കുന്നതില്‍ എരുമേലി ഗ്രാമപഞ്ചായത്ത് വിശദീകരണം നല്‍കണം. എരുമേലിയില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണം. വിശദീകരണം ബോധിപ്പിക്കുന്നതിന് എരുമേലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പാര്‍ക്കിംഗിന് ആറ് ഇടത്താവളങ്ങള്‍ കൂടി തയാറാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നു സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.