ആലപ്പുഴ-കേരളത്തിലുടനീളം ഉണ്ടായ സമഗ്ര വികസനത്തിന്റെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു ജില്ലയിൽ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വൈക്കം തവണക്കടവ് ഫെറിയിലൂടെ ജങ്കാറിലാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. വൈകുന്നേരം അഞ്ചരയോടെ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസ്, സജി ചെറിയാൻ തുടങ്ങിയ 12 മന്ത്രിമാരും ബോട്ടിൽ തവണക്കടവ് ജെട്ടിയിൽ എത്തി. വൈകുന്നേരം മൂന്നരയോടെ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരാണ് ആദ്യം ജില്ലയിൽ എത്തിയത്. ജില്ലയിലെ മന്ത്രികൂടിയായ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇരുവർക്കൊപ്പം ഉണ്ടായിരുന്നു. ജങ്കാറിൽ നിന്നും ആദ്യം ഇറങ്ങിയ മന്ത്രി പി.പ്രസാദ് മറ്റ് മന്ത്രിമാരെ സ്വീകരിക്കുന്നതിന് നേതൃത്വം നൽകി. തൊട്ട് പുറകെ സ്പീഡ് ബോട്ടിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയും എത്തി. നാല് മണിയോടെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി എന്നിവരും എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടർ ജോൺ വി സാമുവൽ, ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസ ജോൺ , ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ, മുൻ എം.പിമാരായ ടി. ജെ. ആഞ്ചലോസ്, സി.എസ്. സുജാത, ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ, ഓട്ടോകാസ്റ്റ് ചെയർമാൻ അലക്‌സ് കണ്ണമല, എ.ഡി.എം.എസ്. സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ തവണക്കടവിൽ എത്തിയിരുന്നു. മൂന്നു മണി മുതൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ കൂടി നിന്നവർ ഉറക്കെ അഭിവാദ്യം ചെയ്തു കൊണ്ട് മന്ത്രി സഭയെ സ്വീകരിച്ചു.
സ്വാഗതം ആശംസിച്ച് അലങ്കരിച്ച ചുണ്ടൻവള്ളം
മന്ത്രിമാർക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് അലങ്കരിച്ച ചുണ്ടൻ വള്ളത്തിന്റെ മാതൃകയും തവണക്കടവിൽ ഒരുക്കിയിരുന്നു. നിരവധി പ്രദേശവാസികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കുട്ടികളും മന്ത്രിമാരെ നേരിൽ കാണാൻ എത്തി. വെടിക്കെട്ടും അലങ്കരിച്ച ചെറു വള്ളങ്ങളും മന്ത്രിസഭയെ സ്വീകരിക്കാൻ ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒരുക്കി. പഞ്ചാരി അഞ്ചാം കാലം കൊട്ടി മേളക്കാരും തകർത്തപ്പോൾ തവണക്കടവ് ജെട്ടി ഉത്സവ അന്തരീക്ഷത്തിലായി. ചുവന്ന ബലൂണുകളും പറത്തി.