റഫ-സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളിലെ സുന്ദര ഗ്രാമങ്ങളിലൊന്നാണ് ലീന ഗ്രാമം. ശൈത്യകാല മഴയെത്തിയതോടെ ഇവിടുത്തെ താഴ് വരകളും മേടുകളും പച്ചപുതച്ചു. വിശാലമായ ഇമാം തുർക്കി ബിൻ അബ്ദുല്ല സംരക്ഷിത പ്രദേശത്തെ മണൽ തിട്ടകളും കുന്നുകളും മഴയിൽ രൂപപ്പെട്ട തടാകങ്ങളും നീർച്ചാലുകളും കലാകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ പോലെ സുന്ദരമായിരിക്കുകയാണിപ്പോൾ. പ്രകൃതിയുടെ കലാവിരുതു നുകരാൻ സ്വദേശികളും വിദേശികളുമായ സന്ദർശകർ ഈ പ്രദേശത്തേക്ക് എത്തുന്നുമുണ്ട്.
പുരാതന കാലത്ത് കച്ചവട സംഘങ്ങളും ഹജ് തീർത്ഥാടകരും സഞ്ചരിച്ചിരുന്ന വഴിയായിരുന്ന ദർബ് സുബൈദ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഏതാനും മാസങ്ങൾക്കു മുമ്പ് സംരക്ഷിത കേന്ദ്രം ഡവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ ദർബ് സുബൈദ ഹെറിറ്റേജ് മേള എന്ന പേരിൽ വിവിധ കലാകായിക മേള സംഘടിപ്പിച്ചിരുന്നു.