(താനൂർ) മലപ്പുറം - മിശ്രവിവാഹ വിവാദത്തിനിടെ സി.പി.എമ്മിനെതിരേ രൂക്ഷ വിമർശവുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി.
പെൺകുട്ടികളെ സംരക്ഷിക്കണമെന്ന ജാഗ്രത നിർദേശം നൽകാൻ ഒരുത്തന്റേയും തിട്ടൂരം ആവശ്യമില്ലെന്നും ഇക്കാര്യം പറയാൻ എ.കെ.ജി സെന്ററിൽ നിന്ന് അനുമതി വേണോ എന്നും അദ്ദേഹം ചോദിച്ചു. താനൂരിൽ യൂത്ത് മാർച്ച് സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു നാസർ ഫൈസി.
ഡി.വൈ.എഫ്.ഐയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടതെന്നു ചോദിച്ച അദ്ദേഹം സി.പി.എം ദുഷ്ടലാക്ക് വൈകിയെങ്കിലും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മുസ്‌ലിം യുവതികളെ വഴിപിഴപ്പിക്കുന്നുണ്ട്. ഇതിൽ കൃത്യമായി ജാഗ്രത പുലർത്തണമെന്നും രക്ഷിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
മുസ്‌ലിം പെൺകുട്ടികളെ മിശ്രവിവാഹം നടത്തിക്കുന്നതിന് പിന്നിൽ സി.പി.എമ്മും പാർട്ടി സംവിധാനങ്ങളും ശ്രമിക്കുന്നുവെന്ന് നേരത്തെ നാസർ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചയായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും വൻ പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.