കൊച്ചി - കോടികൾ ചെലവഴിച്ചുള്ള പിണറായി സർക്കാറിന്റെ നവകേരള സദസ്സിനായി സ്‌കൂൾ മതിലുകൾ പൊളിക്കുന്നത് എന്തിനാണെന്ന ചോദ്യമുയർത്തി ഹൈക്കോടതി.
നവകേരള സദസിനായി സ്‌കൂൾ മതിൽ പൊളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി, പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും വിമർശിച്ചു. തുടർന്ന് 'സംഭവിച്ചു പോയെന്നായിരുന്നു' സർക്കാറിന്റെ മറുപടി. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹർജിയിലായിരുന്നു കോടതിയുടെ വിമർശം. ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി, ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശിച്ചു.
കടുത്ത സാമ്പത്തിക ദുരിതത്തിൽ സംസ്ഥാനം വട്ടം കറങ്ങുമ്പോൾ കോടികൾ ധൂർത്തമാക്കി സർക്കാറിന്റെ രാഷ്ട്രീയ ക്യാമ്പയിനായ നവകേരള സദസ്സിനെതിരെ രൂക്ഷമായ വിമർശങ്ങൾ ഉയരവെയാണ് കോടതിയുടെ ചോദ്യം. നേരത്തെ സ്‌കൂൾ ബസ്സും, സ്‌കൂൾ കുട്ടികളും അടക്കമുള്ള സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ യാത്രയിലേക്ക് വലിച്ചിടാൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് കോടതിയിൽനിന്ന് കനത്ത പ്രഹരമുണ്ടായിരുന്നു. അതിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും യാത്രയ്ക്ക് പണം ഈടാക്കാനുള്ള ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു.