കോഴിക്കോട് - മുസ്‌ലിം പെൺകുട്ടികളുടെ മിശ്രവിവാഹത്തിന് സി.പി.എമ്മും പോഷക സംഘടനകളും കാണിക്കുന്ന അമിത താൽപര്യത്തിനെതിരെ കാന്തപുരം വിഭാഗം നേതാവ് കൂടി രംഗത്തുവന്നതോടെ മിശ്രവിവാഹത്തിലെ ഇൻകമിങ് - ഔട്ട്‌ഗോയിങ് ചർച്ചകൾ കൊഴുക്കുന്നു.
മുസ്‌ലിം പെൺകുട്ടികളെ ഇതര മതസ്ഥർക്ക് വിവാഹം ചെയ്തുകൊടുക്കാൻ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നേതൃത്വം കൊടുക്കുന്നുവെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആരോപിച്ചതിന് പിന്നാലെയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിലെ പണ്ഡിതനും പ്രഭാഷകനുമായ റഹ്മത്തുല്ല സഖാഫി എളമരവും അതേ നിലപാടുമായി രംഗത്തുവന്നത്. നാസർഫൈസിക്കു മറുപടിയെന്നോണം, 'മിശ്രവിവാഹം സ്വാഭാവികമായി നാട്ടിൽ സംഭവിക്കുന്നതാണെന്നും അതൊന്നും ആർക്കും തടയാനാവില്ലെന്ന്' മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയതിനു ശേഷമാണ് ഇടതു സർക്കാറിനോട് ആഭിമുഖ്യമുള്ള കാന്തപുരം വിഭാഗത്തിലെ നേതാവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
'വില്യാപ്പള്ളിക്കാരനായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മുസ്‌ലിം പെൺകുട്ടിയെ പാലക്കാട്ടെ ഒരു ജോലിസ്ഥലത്തുനിന്നും കടത്തിക്കൊണ്ടുവന്ന് പാർട്ടി ഓഫീസിൽ വെച്ച് രക്തഹാരമണിയിച്ച് വിവാഹം ചെയ്യിപ്പിച്ചതിന് എതിരെയാണ് റഹ്മത്തുല്ലാ സഖാഫിയുടെ വിമർശം. പെറ്റുപോറ്റിയ മാതാപിതാക്കളേയും കുടുംബങ്ങളെയും ഉപേക്ഷിച്ച്, തന്റെ മതവും സംസ്‌കാരവും വേണ്ടെന്നുവച്ചു ഇഷ്ടപ്പെട്ടവന്റെ കൂടെ പോവാൻ ഇന്ത്യൻ നിയമപ്രകാരം ഒരു പെൺകുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അമരാവതിയിലെ പാർട്ടി ഓഫീസിൽ
കൊണ്ടുവന്നു രക്തഹാരമണിയിച്ച് പാർട്ടി പ്രവർത്തകർ ചേർന്ന് മുദ്രാവാക്യം മുഴക്കി ഇതൊരു ആഘോഷമാക്കുമ്പോൾ ഇതൊരു പാർട്ടി അജണ്ടയാണോ എന്ന ചോദ്യമാണ് കാന്തപുരം വിഭാഗം നേതാവ് ഉയർത്തിയത്. ഇനി ആരെങ്കിലും അങ്ങനെ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും അല്ലങ്കിൽ പാർട്ടി പ്രവർത്തകർ ആരെ ഇണയാക്കിയാലും ഇതുപോലെ പാർട്ടി ഓഫീസിൽവെച്ച് ആഘോഷിക്കുന്ന പതിവു വേണമെന്നും അതില്ലാത്ത സ്ഥിതിക്ക് വിമർശത്തിൽ കഴമ്പുണ്ടെന്നുമാണ് റഹ്മത്തുല്ലാ സഖാഫിയുടെ വാദത്തിന്റെ മർമം.
സംഭവത്തിൽ നാസർ ഫൈസിയുടെയും റഹ്മത്തുല്ല സഖാഫിയുടെയും വിമർശത്തിന് പിന്തുണയുമായി നിരവധി പേർ സമൂഹമാധ്യമത്തിൽ രംഗത്തുവന്നെങ്കിലും ശബരിമല വിഷയത്തിൽ പാർട്ടി യൂ ടേൺ അടിച്ചതുപോലെ, മിശ്രവിവാഹ നിലപാടിൽ മാറ്റമൊന്നും വരുത്താതെ, കരുതലോടെയാണ് സി.പി.എം ഇടപെടലുകൾ. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമാക്കി മിശ്രവിവാഹം നടത്തിക്കൊടുക്കാനോ വിവാഹബ്യൂറോയുടെ പണി ഏറ്റെടുക്കാനോ സി.പി.എം പോയിട്ടില്ലെന്നും മറിച്ച് ഇന്ത്യൻ ഭരണഘടന ഒരു പൗരന് അനുവദിച്ച മൗലിക അവകാശം ഹനിക്കപ്പെടുമ്പോൾ, ജീവന് ഭീഷണി നേരിടുമ്പോൾ ആരെങ്കിലും സംരക്ഷണം ആവശ്യപ്പെട്ടാൽ അത്തരമൊരു സംരക്ഷണം നൽകുക മാത്രമാണ് പാർട്ടി ചെയ്യുന്നതെന്നാണ് പാർട്ടി സഖാക്കളുടെ വാദം. ഇത്തരം സംരക്ഷണങ്ങൾക്കോ വിവാഹങ്ങൾക്കോ പാർട്ടി മതവും ജാതിയും പരിഗണിക്കാറില്ലെന്നും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാൻ ഭരണഘടന നൽകുന്ന അവകാശം വകവെച്ചുകൊടുക്കുവോളം അത് പാർട്ടി ഓഫീസിൽ തുടരുമെന്നും ഇവർ പറയുന്നു.
മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദ്, മുൻ എം.പി ബി.വി അബ്ദുല്ലക്കോയ തുടങ്ങിയവരുടെയെല്ലാം മക്കൾ മിശ്രവിവാഹം നടത്തിയതും മുഹമ്മദലി ജിന്ന പാഴ്‌സി സ്ത്രീയെ കല്യാണം കഴിച്ചതുമൊന്നും സി.പി.എം പ്രേരണയാലോ നേതൃത്വത്തിലോ അല്ലെന്നും ഇതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ചോയ്‌സാണെന്നും, ഇത് ഹനിക്കപ്പെടുമ്പോൾ അവിടെ ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നുമാണ് സി.പി.എമ്മിനെ പിന്തുണക്കുന്നവരുടെ വാദം.
മിശ്രവിവാഹത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിക്കുന്നവരോട് ഭരണഘടന ഒരു വ്യക്തിക്കു നൽകുന്ന സ്വാതന്ത്ര്യം നിഷേധിക്കാൻ ഒരാൾക്കും അവകാശമില്ലെന്നാണ് പാർട്ടിയുടെ മറുപടി. സി.പി.എം വിവാഹബ്യൂറോ നടത്തുന്നില്ല. ജാതിയും മതവും നോക്കി വിവാഹം കഴിക്കുന്നവരും കഴിക്കാത്തവരും ഉണ്ടാകാം. അത് ഓരോരുത്തരുടെയും ഇഷ്ടം. അതിലൊന്നും ഇടപെടാൻ പാർട്ടിക്കാവില്ല. എന്നാൽ, പ്രായപൂർത്തിയായ സ്ത്രി/പുരുഷന്മാർ അവരുടെ ഇഷ്ടമനുസരിച്ച് വിവാഹം കഴിക്കാൻ അവർക്കു സാധിക്കാതെ വരുമ്പോൾ, പാർട്ടിയോടോ/പ്രവർത്തകരോടോ സംരക്ഷണം ആവശ്യപ്പെട്ടാൽ അതോട് പാർട്ടി മുഖംതിരിഞ്ഞു നിൽക്കാറില്ല. അത് മതമോ, ജാതിയോ, രാഷ്ട്രീയമോ നോക്കിയല്ലെന്നും പറയുന്നു. രാജ്യത്തെ ഒരു പൗരൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം മാത്രമാണത്. പ്രണയം നടിച്ച് മുസ്‌ലിം യുവാക്കൾ മറ്റു സമുദായക്കാരെ വിവാഹം കഴിക്കുന്നുവെന്ന ലൗ ജിഹാദ് ആരോപണം ഉയർത്തി സമൂഹത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിച്ച തീവ്ര ഹിന്ദുത്വത്തിന്റെയും നാർക്കോട്ടിക് ജിഹാദ് ആരോപിച്ച കാസ പോലുളള തീവ്ര ക്രൈസ്തവ ആശയക്കാരുടെയും വാദങ്ങളുടെ മറ്റൊരു പതിപ്പാണിതെന്നും ഈ രാഷ്ട്രിയ കൃമി കടിക്കു പിന്നിൽ താൽപര്യങ്ങൾ പലതുണ്ടെന്നും ഇവർ പറയന്നു. അതിനാൽ തന്നെ ലൗ ജിഹാദിന്റെ മറ്റൊരു വകഭേദം മാത്രമാണ് പാർട്ടിക്കെതിരായ മിശ്രവിവാഹം ആരോപണമെന്നും ഇവർ വാദിക്കുന്നു.
അതിനിടെ, മിശ്രവിവാഹത്തിന് പാർട്ടി ഓഫീസുകൾ വേദിയാക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഒരുവിഭാഗം അണികൾ ശക്തമായി വാദിക്കുമ്പോൾ മറുവിഭാഗം ഇതിനെ നിരാകരിക്കുന്നു. ഏകീകൃത സിവിൽ കോഡ്, ഫലസ്തീൻ പ്രശ്‌നം തുടങ്ങിയവയിൽ പാർട്ടി അമിത താൽപര്യം എടുക്കുന്നതും മിശ്രവിവാഹത്തെ പിന്തുണക്കുന്ന ഒരുവിഭാഗം അണികൾ വിമർശനവിധേയമാക്കുന്നുണ്ട്.
മുസ്‌ലിം പെൺകുട്ടികളെ വശീകരിച്ചും തട്ടിക്കൊണ്ടു പോയും മിശ്രവിവാഹം നടത്തുന്ന രീതി സംഘപരിവാർ സംഘടനകളിൽ നേരത്തെയുണ്ടെങ്കിലും സി.പി.എമ്മും ആ ചൂണ്ടയിൽ തന്നെയാണ് തങ്ങളുടെ സംഘടനാ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തുന്നതെന്നാണ് ഇതിനെതിരേയുള്ള പ്രധാന വിമർശം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറപിടിച്ചാണ് സി.പി.എം ഇതിനായി കരുക്കൾ നീക്കുന്നതെങ്കിലും ഇത് സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാർട്ടി ഓഫീസുകളും പാർട്ടി സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സി.പി.എമ്മും ഇത്തരം മിശ്രവിവാഹങ്ങൾക്കുവേണ്ടി ശ്രമിക്കുന്നത് സംഘപരിവാറിന്റെ പണിയാണെന്നും ഇത് മതനിരപേക്ഷ മൂല്യങ്ങൾക്കായി നിലകൊള്ളുവന്നവർക്ക് ചേർന്നതല്ലെന്നുമാണ് വിമർശം. മിശ്രവിവാഹത്തിൽ സി.പി.എം നല്ല പോലീസുകാരനും മോശം പോലീസുകാരനും കളിക്കുന്നുവെന്ന സംശയവും മതവിശ്വാസികൾക്കിടയിലുണ്ട്. മതേതര വിവാഹങ്ങളെക്കുറിച്ച് വാചാലാരാവുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സി.പി.എം, തങ്ങളുടെ മതേതര ആശയങ്ങൾ അതേപ്പടി പാലിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടുവെന്നാണ് ഇവർ ആരോപിക്കുന്നത്. മിശ്രവിവാഹത്തിൽ ഭരണഘടനയും വലിയ പൗരാവകാശങ്ങളുമെല്ലാം മുഴക്കുന്ന സി.പി.എം, സ്വന്തം പാർട്ടി വിട്ടവരെ കായികമായും മറ്റും വേട്ടയാടുന്നിടത്ത് ഇത്തരം പൗരാവകാശ, ഭരണഘടനാ മൂല്യങ്ങളെല്ലാം കാറ്റിൽ പറത്തുകയാണെന്നും ഇവർ ഓർമിപ്പിക്കുന്നു.
വിവാഹം വ്യക്തികളുടെ തെരഞ്ഞെടുപ്പാണ്. പരസ്പരം ഇഷ്ടമായ, പ്രായപൂർത്തിയായ ആർക്കും ആരെയും വിവാഹം കഴിക്കാൻ രാജ്യത്ത് നിയമപരമായി തടസ്സങ്ങളില്ല. ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും മതവും രാഷ്ട്രീയവും മാത്രമല്ല, സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ അടക്കം ഈ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നു. അത് തങ്ങളുടെ മതവിശ്വാസമനുസരിച്ചും മതമൂല്യങ്ങളനുസരിച്ച് നടത്താനും വിശ്വാസികൾക്കു സ്വാതന്ത്ര്യമുണ്ട്. അതേപോലെ, മതവിശ്വാസമില്ലാത്തവർക്ക് അവരുടെ ഇഷ്ടപ്രകാരം മതാചാരങ്ങൾ ഇല്ലാതെയും മിശ്രവിവാഹത്തിന് താൽപര്യമുള്ളവർക്ക് അപ്രകാരവും വിവാഹം ചെയ്യാൻ രാജ്യത്തെ നിയമസംവിധാനം, ഭരണഘടന പ്രായപൂർത്തിയായ യുവതീയുവാക്കൾക്ക് അവകാശം നൽകുന്നു.
ചുരുക്കിപ്പറഞ്ഞാൽ മിശ്രവിവാഹത്തിനായി പെരുമ്പറ മുഴക്കുന്നവർക്ക് അത് പറയാനും ചെയ്യാനും എത്രയാണോ അവകാശമുള്ളത് അത്രതന്നെ, മതവിശ്വാസികൾക്ക് മതമൂല്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും മിശ്രവിവാഹത്തെ മതം അംഗീകരിക്കുന്നില്ലെന്നും പറയാനുള്ള അധികാരവും സ്വാതന്ത്ര്യവും അവർക്കുമുണ്ട്. ഒരാളും ഒരാളുടെയും പരിധി ലംഘിക്കരുതെന്നു മാത്രം.