Sorry, you need to enable JavaScript to visit this website.

വിദേശ ഹാജിമാരുടെ വരവ് പൂർത്തിയായി

വ്യാജ പാസ്‌പോർട്ടുകളിലും മറ്റുള്ളവരുടെ പാസ്‌പോർട്ടുകളിലും എത്തിയ ഏഴു പേർ പിടിയിൽ
ജിദ്ദ - വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ വരവ് പൂർത്തിയായതായി സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അറിയിച്ചു. ജിദ്ദയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചക്ക് 12 മണി വരെ വിദേശങ്ങളിൽ നിന്ന് 16,84,629 ഹാജിമാരാണ് എത്തിയത്. വിമാന മാർഗം 15,84,085 പേരും കര മാർഗം 84,381 പേരും കപ്പൽ മാർഗം 16,163 പേരുമാണ് എത്തിയത്. 
സൗദി അറേബ്യക്കകത്തു നിന്ന് ഇന്നലെ ഉച്ചക്ക് വരെ 2,33,849 പേർക്ക് ഹജ് അനുമതി പത്രം നൽകിയിട്ടുണ്ട്. ഹജുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിക്കുന്നവരുടെ കേസുകൾ പരിശോധിച്ച് ഉടനടി ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് മക്കക്കു സമീപമുള്ള ശുമൈസി, അൽബുഹൈത, തൻഈം, അൽകർ ചെക്ക്‌പോസ്റ്റുകളിൽ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നവർക്ക് തീർഥാടകരിൽ ഒരാൾക്ക് പതിനായിരം റിയാൽ തോതിൽ പിഴ ചുമത്തും. ഇവർക്ക് പതിനഞ്ചു ദിവസം തടവു ശിക്ഷയും നൽകും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് തീർഥാടകരിൽ ഒരാൾക്ക് 25,000 റിയാൽ തോതിൽ പിഴയും രണ്ടു മാസം തടവും ശിക്ഷ ലഭിക്കും. മൂന്നാമതും ഇതേ നിയമ ലംഘനം നടത്തുന്നവർക്ക് തീർഥാടകരിൽ ഒരാൾക്ക് 50,000 റിയാൽ വീതം പിഴ ചുമത്തും. ഇവർക്ക് ആറു മാസം തടവും നൽകും. കൂടാതെ ഇത്തരക്കാരുടെ വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഹജ് അനുമതി പത്രമില്ലാത്തവരെ കടത്തുന്ന വിദേശികളെ ശിക്ഷാ നടപടികൾ പൂർത്തിയാക്കി സൗദിയിൽ നിന്ന് നാടുകടത്തും. ഇവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കുമേർപ്പെടുത്തും. 
വിദേശങ്ങളിൽ നിന്ന് എത്തിയ ഹാജിമാർ തീർഥാടന കർമം പൂർത്തിയാക്കി വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണം. ഇത് ലംഘിക്കുന്നവർ നിയമാനുസൃത ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടിവരും. വനിതാ തീർഥാടകരുടെ നടപടികൾ പൂർത്തിയാക്കുന്നതിന് ജിദ്ദ എയർപോർട്ടിൽ 107 വനിതാ ഉദ്യോഗസ്ഥരെയും മദീന വിമാനത്താവളത്തിൽ 58 വനിതാ ഉദ്യോഗസ്ഥരെയും ജിദ്ദ തുറമുഖത്ത് 28 വനിതാ ഉദ്യോഗസ്ഥരെയും ഈ വർഷം ജവാസാത്ത് നിയമിച്ചിരുന്നു. ഹജ് അനുമതി പത്രമില്ലാത്ത ഹാജിമാരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച പതിനെട്ടു പേർ ഇതിനകം ചെക്ക്‌പോസ്റ്റുകളിൽ വെച്ച് പിടിയിലായിട്ടുണ്ട്. മറ്റുള്ളവരുടെ പാസ്‌പോർട്ടുകളിൽ എത്തിയ രണ്ടു ഹാജിമാരും വ്യാജ പാസ്‌പോർട്ടുകളിൽ എത്തിയ അഞ്ചു തീർഥാടകരും ഈ വർഷം പിടിയിലായിട്ടുണ്ട്. വിദേശങ്ങളിൽ നിന്ന് എത്തിയ രണ്ടു ഹാജിമാരുടെ പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടിരുന്നു. വിരലടയാളങ്ങൾ പരിശോധിച്ചും രജിസ്റ്റർ ചെയ്തും ഇവർക്ക് രണ്ടു പേർക്കും ഹജ് നിർവഹിക്കുന്നതിന് അനുമതി നൽകി. ഒരു തീർഥാടകയുടെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിരുന്നില്ല. വിദേശ മന്ത്രാലയവുമായി ഏകോപനം നടത്തി വിരലടയാളം പരിശോധിച്ചതിൽ നിന്ന് ഇവരുടെ പേരുവിവരങ്ങൾ ഹജ് വിസ സംവിധാനത്തിൽ കണ്ടെത്തി. 
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്റർ രൂപകൽപന ചെയ്ത വിരലടയാള ഉപകരണം ഹജ് തീർഥാടകരുടെ വിവരങ്ങൾ റീഡ് ചെയ്ത് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് സഹായിച്ചു. തീർഥാടകരുടെ തിരിച്ചറിയൽ കാർഡ് സൈ്വപ് ചെയ്യുന്നതോടെ അവരുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും റീഡ് ചെയ്യുന്നതിന് സാധിക്കുന്ന പുതിയ ഉപകരണം വൈകാതെ ജവാസാത്ത് പുറത്തിറക്കും. ജവാസാത്ത് ഡയറക്ടറേറ്റ് സാങ്കേതികവിദ്യകൾ കൂടുതലായി പ്രയോജനപ്പെടുത്തിവരികയാണ്. പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡുകളുമില്ലാതെ വിരലടയാളവും കണ്ണടയാളവും മാത്രം ഉപയോഗിച്ച് തീർഥാടകരെ തിരിച്ചറിയുന്ന സംവിധാനം നിലവിൽവരുന്ന ദിവസമുണ്ടാകുമെന്നും മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു.
 

Latest News