കൊല്ലം- ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ രണ്ടാം പ്രതി എം.ആര്‍ അനിതകുമാരിയെ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ എത്തിച്ച് ശബ്ദപരിശോധന നടത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അനിതകുമാരി വിളിച്ചിരുന്നു. ഈ ശബ്ദം ഇവരുടേതാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനായിരുന്നു പരിശോധന.
10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍പത്മകുമാര്‍ (51), ഭാര്യ എം.ആര്‍ അനിതകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ചെന്നാണ് കേസ്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂവരും ഇപ്പോള്‍ െ്രെകംബ്രാഞ്ച് കസ്റ്റഡിയിലാണ്. 7 ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന ഇന്ന് ഇവരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കൊല്ലം റൂറല്‍ െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. പത്മകുമാറിന്റെയും അനിതകുമാരിയുടെയും അക്കൗണ്ടുകളില്‍ കോടികളുടെ വായ്പ തിരിച്ചടവിന്റെ വിവരങ്ങളാണ് ഉള്ളത്. യുട്യൂബ് ചാനല്‍ വഴി ലക്ഷങ്ങള്‍ മകള്‍ അനുപമയുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. വിലക്കു വന്നതോടെ ഏതാനും മാസമായി വരുമാനം ഇല്ല. തെരുവുനായകളെ സംരക്ഷിക്കാന്‍ പണം വേണമെന്ന അഭ്യര്‍ഥനയുമായി നാട്ടില്‍ തന്നെ മറ്റൊരു സേവിംഗ്‌സ് അക്കൗണ്ടും അനുപമ തുടങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ വലിയ തോതില്‍ പണം എത്തിയില്ല. കുടുംബാംഗങ്ങളുടെ 3 മൊബൈല്‍ ഫോണുകള്‍ പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പിടിയിലാകുമെന്ന് ഉറപ്പായതോടെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും മറ്റ് ഡിജിറ്റല്‍ തെളിവുകളുമായി കാറില്‍ കടന്നുകളയുകയായിരുന്നുവെന്നാണു പ്രതികളുടെ മൊഴി. കാറില്‍നിന്ന് ഇവ ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടിയെ മയക്കാന്‍ ഗുളിക നല്‍കിയോ എന്നറിയാന്‍ രക്തമൂത്ര സാംപിളുകള്‍ അന്വേഷണ സംഘം പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഗുരുതരമായി ഒന്നും കണ്ടെത്താനായില്ലെന്നാണു സൂചന. അന്വേഷണം പൂര്‍ത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണു െ്രെകംബ്രാഞ്ച് ശ്രമം.