തിരുവനന്തപുരം- രാജ്യത്തെ ഭരണകക്ഷി വീണ്ടും അധികാരത്തിലെത്തിയാല്‍ ജനഹിതം നേടി അധികാരത്തിലെത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ക്ക് തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതത്തിനായി യാചിച്ചു നില്‍ക്കേണ്ടി വരുമെന്ന് അരുന്ധതി റോയി. പി. ജി. സംസ്‌കൃതി കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്നാമത് പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തെ വൈവിധ്യത്തിന്റെ ജീവരക്തമായ ഫെഡറലിസത്തിനും അത് ഭീഷണിയാകും. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള എം. പിമാരുടെ എണ്ണവും കുറയ്ക്കും. ശക്തനായ ഏതിരാളിയെയാണ് നേരിടാനുള്ളത്. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ ഭിന്നതകളും ഒഴിവാക്കി ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. പാലസ്തീന്‍ ജനതയ്ക്കെതിരായ യുദ്ധം മാനവികതയ്ക്കെതിരായ യുദ്ധമാണ്. പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കശാപ്പ് അവസാനിപ്പിക്കണം.
കേരളത്തില്‍ വരുന്നതിലും സംസാരിക്കുന്നതിലും അതിയായ സന്തോഷമുണ്ട്. കേരളത്തെപ്പോലെ ഒരു സ്ഥലവും ലോകത്തെവിടെയുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്തായ ചരിത്രമുള്ള നാടാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പാര്‍ട്ടികളും ഇടതുപക്ഷത്തോട് കൂടുതല്‍ അടുത്താണ്. തങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന പ്രാഥമിക ബോധ്യം ഇവിടത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്നും അവര്‍ പറഞ്ഞു.