റിയാദ്- സൗദി അൽ ഹിലാൽ ഫുട്‌ബോൾ ക്ലബ് സ്ഥാപകരിൽ ഒരാളായ ബന്ദർ ബിൻ മുഹമ്മദ് അൽ സൗദ് രാജകുമാരൻ അന്തരിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച(നാളെ) അസർ നമസ്‌കാര ശേഷം തലസ്ഥാന നഗരിയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിലെ ഖബർസ്ഥാനിൽ മറവു ചെയ്യും. 1996 മുതൽ ആരോഗ്യ കാരണങ്ങളാൽ സ്ഥാനമൊഴിയുന്നതു അൽ ഹിലാൽ ക്ലബ് തലവനായിരുന്നു ബന്ദർ രാജകുമാരൻ. ക്ലബിന്റെ സുവർണ കാലഘട്ടത്തെ നയിച്ച പ്രമുഖരിലൊരാളായിരുന്നു. 2000-ത്തിൽ ഏഷ്യൻ കപ്പ് അടക്കം ഹിലാലിന് നേടിക്കൊടുത്തതിലെ ചാലകശക്തിയായിരുന്നു. ഈ കാലയാളവിൽ ആഭ്യന്തര രംഗത്തും അന്താരാഷ്ട്ര രംഗത്തുമുള്ള നിരവധി മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കാൻ ക്ലബിനു സാധിച്ചതിനാൽ ഗോൾഡൻ രാജകുമാരൻ എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ നേതൃത്വത്തിനു കീഴിൽ നിരവധി ഫുട്‌ബോൾ താരങ്ങളെ രാജ്യത്തിനു സമർപ്പിക്കാൻ കഴിഞ്ഞ ബന്ദർ രാജകുമാരൻ വിരമിക്കലിനുശേഷവും ഉന്നത സമിതിയുടെ പ്രത്യേക ക്ഷണിതാവായി തുടർന്നു.