തിരുവനന്തപുരം - ക്രമസമാധാന പാലനത്തിന് ആവശ്യത്തിന് പോലീസുകാരില്ലാത്ത പ്രശ്‌നം പരിഹിരിക്കാന്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ അംഗബലം കൂട്ടാന്‍ നടപടിയുമായി സര്‍ക്കാര്‍. സ്റ്റേഷനുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാന്‍ ഡി വൈ എസ് പിമാര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ കണക്ക് നല്‍കണമെന്നാണ് ആവശ്യം. 1988ലെ പോലീസ് അംഗബലം തന്നെയാണ് ഇപ്പോഴും സേനയ്ക്കുള്ളത്. അതിനാല്‍ അധിക സമയം ഡ്യൂട്ടി ചെയ്യേണ്ടിവരികയാണ്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളില്‍ 364 സ്റ്റേഷനുകളിലും പൊലീസുകാരുടെ അംഗസംഖ്യ അമ്പതില്‍ താഴെയാണ്. 44 സ്റ്റേഷനുകളില്‍ 19 മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ മാത്രമെ ഉള്ളൂ. അതിനാല്‍ സേനയില്‍ കൂടുതല്‍ അംഗബലം കൂട്ടാനാണ് സര്‍ക്കാരിന്റെ നീക്കം.