മക്ക - വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ബസ് കമ്പനികളിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് വനിതകൾക്കും അവസരമുള്ളതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഉമൂമി ഹെവി ഡ്രൈവിംഗ് ലൈസൻസുള്ള, വ്യവസ്ഥകൾ തികഞ്ഞ വനിതകളെ ബസുകളിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് സ്വാഗതം ചെയ്യുന്നതായി ഹജ് ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ബസ് കമ്പനികളുടെ കൂട്ടായ്മയായ ജനറൽ കാർസ് സിണ്ടിക്കേറ്റ് അറിയിച്ചു.
ഹജ് ബസുകളിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് ഇതുവരെ വനിതകൾ ആരും മുന്നോട്ടുവന്നിട്ടില്ലെന്ന് സിണ്ടിക്കേറ്റ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി അഹ്മദ് ശാഫിഇ പറഞ്ഞു. ബസുകളിൽ വനിതകളെ ഡ്രൈവർമാരായി നിയമിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. കാലാവധിയുള്ള ഉമൂമി ഹെവി ലൈസൻസ് ഉണ്ടായിരിക്കണം എന്നത് അടക്കമുള്ള ഏതാനും വ്യവസ്ഥകൾ തികഞ്ഞ വനികൾക്ക് ഹജ് ട്രാൻസ്‌പോർട്ടേഷൻ കമ്പനി ബസുകളിൽ ഡ്രൈവർമാരായി ജോലി ചെയ്യാവുന്നതാണെന്നും അഹ്മദ് ശാഫിഇ പറഞ്ഞു.