ഹജ്: പത്ത് ദിവസത്തിനിടെ കേരളത്തില്‍ ലഭിച്ചത് 4965 ഓണ്‍ലൈന്‍ അപേക്ഷകള്‍കൊണ്ടോട്ടി - സംസ്ഥാന ഹജ് കമ്മിറ്റി മുഖേന 2024 ഹജിന് ഇതുവരെ ലഭിച്ചത് 4965 ഓണ്‍ലൈന്‍ അപേക്ഷകള്‍.ഇവയില്‍ 409 അപേക്ഷകള്‍ 70 വയസ് വിഭാഗത്തിലും 547 അപേക്ഷകള്‍ പുരുഷ മെഹ്‌റമില്ലാത്ത വിഭാഗത്തിലും ഉള്‍പ്പെട്ടതാണ്. 4009 അപേക്ഷകളാണ് ജനറല്‍ കാറ്റഗറി വിഭാഗത്തിലുള്‍പ്പെട്ടത്.ഓണ്‍ ലൈന്‍ അപേക്ഷകളൂടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ഇവര്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിക്കും.കഴിഞ്ഞ നാലുമുതലാണ് ഹജ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ഈ മാസം 20 വരേയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി.
ജീവിതത്തില്‍ ഒരിക്കല്‍ ഹജ് കമ്മറ്റിക്ക് കീഴില്‍ ഹജിന് പോയവര്‍ക്ക് അപേക്ഷിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സഹായിയായി പോകാന്‍ ആളില്ലെങ്കില്‍ നിബന്ധനകളോടെ യാത്രക്ക് അനുമതി നല്‍കുന്നുണ്ട്. തീര്‍ഥാടകന്‍ യാത്ര റദ്ദാക്കിയാല്‍ സഹായിയുടെ യാത്രയും റദ്ദാക്കും. സ്ത്രീകള്‍ക്ക് രക്ത ബന്ധമുള്ള പുരുഷ മെഹ്‌റം നിര്‍ബന്ധമാണ്.എന്നാല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അഞ്ച് പേര്‍ വീതം ഒരു കവറില്‍ അപേക്ഷ നല്‍കാനാകും. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 10 ശതമാനം വിമാന കൂലി നിരക്കില്‍ ഇളവ് ലഭിക്കും.
70 വയസിന് മുകളിലുള്ളവര്‍ക്കും മെഹ്‌റമില്ലാക്ക സ്ത്രീകള്‍ക്കും ഹജിന് നേരിട്ട് അവസരം നല്‍കും.ശേഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെയാണ് അവസരം. ഹജ് ക്വാട്ടയുടെ 80 ശതമാനവും ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മറ്റികള്‍ക്ക് വീതിച്ച് നല്‍കും.ശേഷിക്കുന്ന 20 ശതമാനമായിരിക്കും സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്ക് നല്‍കുക.