വെടിനിർത്തലിനായുള്ള ഐക്യരാഷ്ട്ര സഭയുടെ ആവശ്യത്തെ യാതൊരു പരിഗണനയും കൂടാതെ ഇസ്രായിൽ തള്ളിക്കളഞ്ഞ വാർത്തകൾക്കിടയിലാണ് ഇത്തവണ ലോകം മനുഷ്യാവകാശ ദിനമാചരിച്ചത്. ഏറെ സമ്മർദങ്ങൾക്കു ശേഷം കേവലം ഒരാഴ്ച മാത്രമാണ് ഇസ്രായിൽ വെടിനിർത്തിയത്. ആശുപത്രികൾക്കും അഭയാർത്ഥി ക്യാമ്പുകൾക്കുമടക്കമുള്ള ആക്രമണങ്ങൾ തുടരുകയാണ്. പതിനയ്യായിരത്തിലേറെ പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. അവരിൽ വലിയൊരു ഭാഗം കുഞ്ഞുങ്ങൾ. അക്ഷരാർത്ഥത്തിൽ നടക്കുന്നത് വംശഹത്യ. ഇത്തവണ ഫലസ്തീൻ ജനതയെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന തീരുമാനത്തിലാണ് സയണിസ്റ്റുകൾ എന്നാണ് വാർത്ത. മറുവശത്ത് റഷ്യ ഉക്രൈനിൽ തുടരുന്ന അധിനിവേശം രണ്ടു വർഷത്തോടടുക്കുന്നു. അവിടെയും ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിലാണ് വലിയ വായിൽ മനുഷ്യാവകാശ പ്രഖ്യാപനമൊക്കെ നടത്തുകയും എല്ലാ വർഷവും ഡിസംബർ 10 ന് മനുഷ്യാവകാശ ദിനം ആചരിക്കുകയും ചെയ്യുന്ന യു.എൻ.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇനിയും അത്തരത്തിലുള്ള ദുരന്തങ്ങൾ ഭൂമിയിലുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് യു.എൻ രൂപം കൊണ്ടത്. ലോക മഹായുദ്ധമൊന്നും പിന്നെ ഉണ്ടായില്ല. പക്ഷേ എത്രയോ യുദ്ധങ്ങളും അധിനിവേശങ്ങളും ലോകം കണ്ടു. സോവിയറ്റ് ചേരിയും അമേരിക്കൻ ചേരിയും തമ്മിലുണ്ടായിരുന്ന യുദ്ധം ശീതയുദ്ധം മാത്രമായിരുന്നില്ല.
സോവിയറ്റ് യൂനിയനും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും എത്രയോ രാജ്യങ്ങളിൽ ഇരുകൂട്ടരും അധിനിവേശം നടത്തി. പിന്നീട് ഇസ്‌ലാമോഫോബിയ ചൂണ്ടിക്കാട്ടി എത്രയോ അക്രമങ്ങൾ. അപ്പോഴും യു.എൻ നോക്കുകുത്തിയായിരുന്നു. സത്യത്തിൽ യു.എന്നിന്റെ ജനനത്തിൽ തന്നെ വലിെയാരു പിശകുണ്ടായിരുന്നു എന്നതാണ് അതിനുള്ള പ്രധാന കാരണം. ജനാധിപത്യത്തിന്റേതായ ഇക്കാലത്തുപോലും രാജ്യങ്ങൾ തമ്മിലുള്ള ആഗോള ജനാധിപത്യത്തിനു പകരം കൈയൂക്കുള്ള ഏതാനും രാഷ്ട്രങ്ങൾക്ക് വീറ്റോ അധികാരം നൽകിയതാണത്. സ്വാഭാവികമായും മനുഷ്യാവകാശങ്ങളടക്കം എല്ലാ വിഷയങ്ങളിലും പ്രഖ്യാപനത്തിനപ്പുറം കാര്യമായി മുന്നോട്ടുപോകാൻ എങ്ങനെയാണ് കഴിയുക? അതാണ് ഫലസ്തീനിലും ഉക്രൈനിലും കാണുന്നത്. ഈ രണ്ടു യുദ്ധമേഖലകളിൽ മാത്രമല്ല, ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുക തന്നെയാണ്. അത് ലിംഗപദവിയുടെ പേരിലും വർണത്തിന്റെ പേരിലും വർഗത്തിന്റെ പേരിലും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും മറ്റുമാണ്. പരിഷ്‌കൃതരെന്നു കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയും യൂറോപ്പുമടക്കമുള്ള മിക്ക രാഷ്ട്രങ്ങളിൽ നിന്നും അത്തരം വാർത്തകൾ അനുദിനം പുറത്തു വരുന്നു. അതിനാൽ തന്നെ മനുഷ്യാവകാശ ദിനാചരണത്തിന്റെ പ്രസക്തി ഏറെ വർധിക്കുക തന്നെയാണ്.
1948 ലാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. മനുഷ്യരായി പിറന്നാൽ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെ കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്. മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്ന ലോകസമൂഹത്തിന്റെ താൽപര്യപ്രകാരമാണ് 1948 ഡിസംബർ 10 ന് സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ കരടുരേഖ അംഗീകരിച്ചത്. അന്നു മുതൽ ഈ ദിനാചരണം നടന്നുവരുന്നു. 'എല്ലാ മനുഷ്യരും തുല്യാവകാശങ്ങളോടും മാന്യതയോടും കൂടി ജനിക്കുന്ന സ്വതന്ത്ര വ്യക്തികളാണ്്' -യു.എൻ.ഒ പ്രഖ്യാപനത്തിലെ ഈ വാക്യം വളരെ ശ്രദ്ധേയമാണ്. എന്നാൽ അതല്ല നടക്കുന്നത് എന്നു മാത്രം.
മനുഷ്യാവകാശ പ്രഖ്യാപനമനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ ജാതിയിലോ വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ, സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിക്കുക, വർഗപരമോ മതപരമോ ആയി വ്യത്യസ്തത പുലർത്തുന്ന വിഭാഗങ്ങൾക്കു തുല്യ പരിഗണന കൊടുക്കാതിരിക്കുക, ഒരു മനുഷ്യനെ വിൽക്കുകയോ, അടിമയായി ഉപയോഗിക്കുകയോ ചെയ്യുക, ക്രൂരവും അസാധാരണവുമായ ശിക്ഷകൾ (ക്രൂരമായ മർദനം, വധശിക്ഷ മുതലായവ), നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും വിധിക്കുകയും നടപ്പാക്കുകയും ചെയ്യൽ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ), വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം (ഭരണ യന്ത്രത്തിന്റെ), സ്വാതന്ത്ര്യ നിഷേധം, അഭിപ്രായ സ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക, യൂനിയനിൽ ചേർന്നു പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക, വിദ്യാഭ്യാസം നിഷേധിക്കപ്പെടുക എന്നിവയെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ ഇന്ത്യയുടെ അവസ്ഥ വളരെ പരിതാപകരമാണ്. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ലോകത്തു തന്നെ വളരെ പിറകിലാണ്ു നമ്മൾ. പലപ്പോഴും അതേക്കുറിച്ചു പഠിക്കാൻ വരുന്ന യു.എൻ സംഘത്തിനും ആംനസ്റ്റിക്കും മറ്റും അനുമതി നേഷേധിക്കുന്നവരാണ് നാം.
ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും ആദിവാസി ദളിത് വിഭാഗങ്ങൾക്കെതിരായ പീഡനങ്ങളും തീവ്രവാദ മാവോയിസ്റ്റ് വേട്ടയുടെ പേരിലുള്ള വ്യാജ ഏറ്റുമുട്ടൽ കൊലകളും വികസനത്തിന്റെ പേരിലുള്ള കുടിയിറക്കലുകളും രാജ്യത്ത് ആവർത്തിക്കപ്പെടുക തന്നെയാണ്. കശ്മീരിലും വടക്കുകിഴക്കൻ മേഖലകളിലും ബസ്തർ മേഖലയിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ വാർത്തകൾ പുറത്തുവരുന്നതേയില്ല. ആരാധനയുടെ പേരിലും ആശയ പ്രചാരണത്തിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലുമടക്കം കൊലകൾ അരങ്ങേറുന്നു. നിരവധി സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരും മാധ്യമ പ്രവർത്തകരും യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങൾ ചാർത്തപ്പെട്ട് മോചനമില്ലാതെ ജയിലുകളിൽ തുടരുന്നു. പലരും കൊല ചെയ്യപ്പെട്ടു.
ഭരണഘടന സംരക്ഷണം തന്നെയാണ് ഇന്ത്യയിൽ മനുഷ്യാവകാശ ദിനത്തിന്റെ പ്രധാന സന്ദേശം. ഇന്ത്യൻ ജനാധിപത്യത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ഭരണഘടനയുടെയും പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഇനിയും പറയാറായിട്ടില്ല. ഇത്രമാത്രം അനന്തമായ സംസ്‌കാരങ്ങളും ഭാഷകളും ജനവിഭാഗങ്ങളുമെല്ലാമടങ്ങുന്ന ഇന്ത്യ എന്ന രാജ്യം എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ജനാധിപത്യ മതേതര മൂല്യങ്ങളും മനുഷ്യാവകാശ സങ്കൽപങ്ങളും പൂർണമായി കൈയൊഴിഞ്ഞിട്ടില്ല എന്നത് ചെറിയ കാര്യമല്ല. അതിനാൽ തന്നെ എന്തൊക്കെ പരിമിതിയിലും ഈ സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും മനുസ്മൃതിക്കു മീതെ ഭരണഘടനയെ പ്രതിഷ്ഠിക്കാനും തയാറാകണമെന്നതാണ് ഈ മനുഷ്യാവകാശ ദിനത്തിൽ നമുക്കെടുക്കാവുന്ന രാഷ്ട്രീയമായ പ്രതിജ്ഞ.
മനുഷ്യാവകാശ സംഘടനകളെ കുറിച്ചും രണ്ടു വാക്ക്. അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങൾ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങൾ സാർവലൗകികമാകുന്നത്. അതിന് ഫലസ്തീൻ എന്നോ
ഉെക്രെൻ എന്നോ ഇന്ത്യയെന്നോ പാക്കിസ്ഥാനെന്നോ വ്യത്യാസമില്ല. എന്നാൽ പല കാരണങ്ങളാലും ചില ജനവിഭാഗങ്ങൾക്ക് ഈ അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയാറില്ല. അതുകൊണ്ടാണ് മനുഷ്യാവകാശ സംഘടനകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാകുന്നത്.