മക്ക - ലോകത്തെ ഏറ്റവും വലിയ കുടകൾ വിശുദ്ധ ഹറമിന്റെ മുറ്റത്ത് സ്ഥാപിക്കുന്നു. ഹറമിന്റെ മുറ്റത്ത് തണൽകുടകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ വൈകാതെ ആരംഭിക്കുമെന്നും പദ്ധതി നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയതായും ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വർഷത്തെ ഹജ് സീസൺ അവസാനിച്ചാലുടൻ ഹറമിന്റെ വടക്കു ഭാഗത്തെ മുറ്റത്ത് തണൽ കുടകൾ സ്ഥാപിക്കും. ഇവിടെ ആകെ 64 തണൽ കുടകളാണ് സ്ഥാപിക്കുക. 45 മീറ്റർ ഉയരവും 2,800 ചതുരശ്രമീറ്റർ വിസ്തീർണവുമുള്ള കുടകളാണ് ഹറമിൽ സ്ഥാപിക്കുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഓരോ കുടക്കും 540 ടൺ ഭാരമുണ്ടാകും. ടെഫ്‌ലോൺ ഉപയോഗിച്ച് നിർമിക്കുന്ന കുടത്തുണിക്ക് 53 മീറ്റർ നീളവും 35 മീറ്റർ വീതിയുമുണ്ടാകും. കുടത്തുണി തറനിരപ്പിൽ നിന്ന് 35 മീറ്റർ ഉയരത്തിലാകും. ഒരേസമയം 4,300 ലേറെ പേർക്ക് നമസ്‌കാരം നിർവഹിക്കുന്നതിന് ഒരോ കുടയും വിശാലമാകും. കുടിവെള്ള ടാപ്പുകൾ, അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യം, വെള്ളം സ്‌പ്രേ ചെയ്ത് അന്തരീക്ഷം തണുപ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഓരോ കുടകളിലുമുണ്ടാകും. തീപിടിക്കാത്ത ടെഫ്‌ലോൺ ഉപയോഗിച്ചാണ് കുടകൾ നിർമിക്കുന്നത്. കുടകളിൽ അഗ്നിശമന സംവിധാനങ്ങളുമുണ്ടാകും.
മൂന്നാം സൗദി വികസന ഭാഗത്തിൽ പെട്ട വടക്കുപടിഞ്ഞാറ് മുറ്റത്താണ് തണൽ കുടകൾ സ്ഥാപിക്കുക. എല്ലാ കുടകൾക്കും ഒരേ വലിപ്പമാകില്ല. ചില കുടകൾ ചെറുതായിരിക്കും. ഹറമിന്റെ എല്ലാ ഭാഗത്തെ മുറ്റങ്ങളിലും ഘട്ടംഘട്ടമായി തണൽ കുടകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.