ശബരിമലയിലെ തിരക്കിൽ അച്ഛനെ കാണാതെ കരഞ്ഞ കുഞ്ഞിന്റെ ചിത്രം കഴിഞ്ഞ ദിവസം തങ്ങളുടെ വിദ്വേഷ പ്രചാരണത്തിന് സംഘ് പരിവാർ ഉപയോഗിച്ചിരുന്നു. ദേശീയ അടിസ്ഥാനത്തിലാണ് സംഘ്പരിവാർ ശബരിമലയിലെ കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ചത്. നിരവധി സംഘ്പരിവാർ ഹാൻഡിലുകൾ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയും കേരളത്തിനെതിരെ ആവോളം വെറുപ്പ് വാരിവിതറുകയും ചെയ്തു. ഇതിനെതിരെ ആൾട്ട് ന്യൂസ് അടക്കമുള്ളവർ രംഗത്തെത്തുകയും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തതാണ്.
ശബരിമലയിലെ തിരക്കിൽ അച്ഛനെ കാണാതെ ഒരു കുട്ടി കരയുന്നതാണ് സംഭവത്തിന്റെ തുടക്കും. ബസിൽ കയറിയ കുട്ടി അച്ഛനെ കാണാതെ വെപ്രാളപ്പെട്ടു. ഇതിനിടയിൽ ബസ് നീങ്ങുകയും ചെയ്തു. കുട്ടി അച്ഛാ, അച്ഛാ എന്ന് വിളിച്ചു കരയുന്നതിന്റെയും പോലീസ് അടക്കമുള്ളവർ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ അച്ഛൻ എത്തുകയും കുഞ്ഞ് കരച്ചിൽ മതിയാക്കുകയും ചെയ്തു. പോലീസിനോട് ബൈ ബൈ പറഞ്ഞാണ് പിന്നീട് ആ കുട്ടി ബസിൽ യാത്രയാകുന്നത്. ഈ വീഡിയോ കേരളത്തിൽ ഹിന്ദുവിന് ഏൽക്കേണ്ടി വരുന്ന പീഡനം എന്ന തരത്തിൽ ക്യാപ്ഷനും വെച്ച് സംഘ്പരിവാർ പ്രചരിപ്പിച്ചു. ഉത്തരേന്ത്യയിലെ നിരവധി സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഇത് ഏറ്റുപിടിക്കുകയും ചെയ്തു. വർഗീയ പ്രചാരണം കൂടി ഇതിന്റെ മറവിൽ നടന്നതോടെ യാഥാർത്ഥ്യം വ്യക്തമാക്കി ആളുകൾ രംഗത്തെത്തി. അപ്പോഴേക്കും വ്യാജപ്രചാരണം അരങ്ങുതകർത്തിരുന്നു.
അധികം വൈകാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഈ ചിത്രം പങ്കുവെച്ചു. ശബരിമലയിലെ ഹിന്ദു പീഡനം തന്നെയായിരുന്നു സുരേന്ദ്രനും ഹൈലൈറ്റ് ചെയ്തത്.
Unique scenes unfold in Kerala, unseen elsewhere in India. Even if @pinarayivijayan dips in the Ganges a thousand times, the stain of sin remains. The government exploits Ayyappa devotees, compelling them to pay exorbitant fees. Even those with vehicles must park at Nilakkal,… pic.twitter.com/xFwEQWpMyN
— K Surendran (@surendranbjp) December 12, 2023
ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത, അതുല്യമായ ദൃശ്യങ്ങൾ കേരളത്തിൽ കൂടിക്കൂടി വരുന്നു. പിണറായി വിജയൻ ഗംഗയിൽ ആയിരം തവണ മുങ്ങിയാലും പാപത്തിന്റെ കറ അവശേഷിക്കും. അയ്യപ്പഭക്തരെ അമിതമായ ഫീസ് കൊടുക്കാൻ നിർബന്ധിച്ച് സർക്കാർ ചൂഷണം ചെയ്യുന്നു. വാഹനങ്ങളുള്ളവർ പോലും ശബരിമലയിലെത്താൻ കെ.എസ്.ആർ.ടി.സി ബസുകൾക്ക് വേണ്ടി നിലയ്ക്കലിൽ പാർക്ക് ചെയ്യണം. ഈ യാത്രയിൽ പിതാവിൽ നിന്ന് വേർപിരിഞ്ഞ ഒരു കുട്ടിയുടെ വ്യസനത്തിന് സാക്ഷി എന്ന അടിക്കുറിപ്പോടെയായിരുന്നു സുരേന്ദ്രൻ എക്‌സിൽ പോസ്റ്റ് ചെയ്തത്.
ഇതേ വീഡിയോയും ചിത്രവും കോൺഗ്രസ് കേരള ഘടകത്തിന്റെ സോഷ്യൽ മീഡിയ എക്കൗണ്ടും പങ്കിട്ടു. അയ്യനെ തൊഴാൻ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്‌ക്രിയമായ 'നവകേരള സർക്കാരി'ന്റെ ക്രൂരത എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം കോൺഗ്രസ് പങ്കുവെച്ചത്.
അയ്യനെ തൊഴാൻ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്‌ക്രിയമായ 'നവകേരള സർക്കാരി'ൻ്റെ ക്രൂരത. #Sabarimala #Kerala pic.twitter.com/eXsvYDMxye
— Congress Kerala (@INCKerala) December 13, 2023
യഥാർത്ഥത്തിൽ തിരക്കുള്ള സ്ഥലങ്ങൡ കുഞ്ഞുങ്ങൾ ബന്ധുക്കളുടെ കൈകകളിൽനിന്ന് വേറിട്ടുപോകുന്നത് സാധാരണ സംഭവമാണ്. വേറിട്ടു പോകുന്ന കുട്ടികളെ ഏതെങ്കിലും നിശ്ചിത സ്ഥലങ്ങളിൽ നിർത്താറാണ് പതിവ്. അല്ലെങ്കിൽ മൈക്ക് അനൗൺസ്‌മെന്റുകളിലൂടെ വിവരം പുറത്ത് അറിയിക്കുകയും ചെയ്യും. ബന്ധുക്കളെ കാണുന്നത് വരെയുള്ള നേരങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ മുതലാക്കി പ്രചരിപ്പിക്കുന്നത് ഒരു നിലക്കും ന്യായീകരിക്കാനാകില്ല. സംഘ്പരിവാറിന്റെ അജണ്ടകളിൽ കോൺഗ്രസ് വീണുപോകുന്നത് ന്യായീകരിക്കാനുമാകില്ല. സംഘ്പരിവാറേതാ, കോൺഗ്രസേതാ എന്ന് തിരിച്ചറിയാനാകാത്ത വിധം നേർത്തുപോകുകയാണ് കാര്യങ്ങൾ.
മുൻ ശബരിമല സീസണുകളിൽനിന്ന് വ്യത്യസ്തമായി വൻ തിരക്ക് ശബരിമലയിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ മുമ്പില്ലാത്ത വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് ശബരിമലയുടെ പേരിൽ നടക്കുന്നതും. കൃത്യമായ അജണ്ടകളോടെയുള്ള പ്രവർത്തനമാണ്. ഇത് തിരിച്ചറിയാൻ മതേതരത്വം അടിസ്ഥാന പ്രമാണമായി സ്വീകരിച്ച് പ്രവർത്തിക്കുന്ന സംഘടനകൾ തയ്യാറാകണം.