ജിസാൻ - നായയയെ വെടിവെച്ചു പരിക്കേൽപിച്ച സൗദി യുവാവിനെ ജിസാൻ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് നായക്കു നേരെ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാൻ പോലീസ് അറിയിച്ചു.
സൗദിയിൽ മൃഗങ്ങളെ അടിക്കുന്നവർക്കും പട്ടിണിക്കിടുന്നവർക്കും ഇസ്‌ലാമിക ശരീഅത്തും മാനവികതയും നിഷിദ്ധമാക്കുന്ന രീതിയിൽ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർക്കും നാലു ലക്ഷം റിയാൽ വരെ പിഴയും തടവും ശിക്ഷ ലഭിക്കും. ഇത്തരം നിയമ ലംഘനങ്ങൾക്ക് ആദ്യ തവണ 50,000 റിയാൽ വരെ പിഴയാണ് ലഭിക്കുക. ആദ്യ നിയമ ലംഘനം നടത്തി ഒരു വർഷത്തിനുള്ളിൽ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. രണ്ടാമത്തെ നിയമ ലംഘനം നടത്തി ഒരു വർഷത്തിനുള്ളിൽ മൂന്നാമതും നിയമ ലംഘനം നടത്തുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴയും 90 ദിവസത്തേക്ക് സ്ഥാപനം അടപ്പിക്കലും ശിക്ഷ ലഭിക്കും. മൂന്നാമത്തെ നിയമ ലംഘനം നടത്തി ഒരു വർഷത്തിനുള്ളിൽ നാലാമതും നിയമ ലംഘനം നടത്തുന്നവർക്ക് നാലു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഇത്തരക്കാരുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുകയും ചെയ്യും. മൃഗങ്ങളോട് കാണിക്കുന്ന ചില രീതിയിലുള്ള മോശം പെരുമാറ്റങ്ങൾക്ക് തടവു ശിക്ഷയും ലഭിക്കും.