മലപ്പുറം- മതജാതി ഭേദ്യമെന്യേ എല്ലാവർക്ക് മുന്നിലും സദാസമയവും തുറന്നുവെച്ച വാതിലാണ് പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലേത്. ആവലാതികൾ ബോധിപ്പിക്കാനും മറ്റുമായി നൂറു കണക്കിനാളുകൾ ദിവസവും പാണക്കാട്ട് വന്നുപോകുന്നു. ഇന്നും അത്തരത്തിലുള്ള ഒരു അതിഥി പാണക്കാട്ടെത്തി. പുലാമന്തോൾ സ്വദേശി കൃഷ്‌ണേട്ടൻ. എല്ലാവർഷവും ശബരിമലയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പാണക്കാട്ടെത്തും. പാണക്കാട്ടെ വലിയ തങ്ങളായിരുന്ന പി.എം.എസ്.എ പൂക്കോയ തങ്ങൾ ഉള്ള കാലം മുതലേ തുടങ്ങിയ ശീലമായിരുന്നു അത്. തങ്ങൾ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അടുത്തെത്തി അനുഗ്രഹം വാങ്ങും. പൂക്കോയ തങ്ങൾ മരിച്ച ശേഷം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഖബറിനരികെ എത്തും. ഇന്നും കൃഷ്‌ണേട്ടനെത്തി ഏറെ നേരം ഖബറിനരികെ നിശബ്ദനായി നിന്നു. പിന്നീട് കൊടപ്പനക്കൽ തറവാട്ടിലെത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചു.
കൃഷ്‌ണേട്ടന് പ്രയാസങ്ങളില്ലാത്ത സുഗമമായ ശബരിമല തീർത്ഥാടന യാത്ര സാധ്യമാവട്ടെയെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ആശംസിച്ചു.