കോട്ടയം - ഗവർണർക്കെതിരെ അതിരൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഗവർണറായി നിൽക്കണമെന്നും വിരട്ടി കളയാം എന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ സ്ഥാനത്തിരുന്ന് ചെയ്യാവുന്ന കാര്യങ്ങളെ ചെയ്യാവൂ. സർവകലാശാലകളിലെ സെനറ്റിലേക്ക് ഗവർണർ ആളുകളെ നിയമിച്ചത് ആര് തന്ന പട്ടിക പ്രകാരമാണെന്നും പിണറായി ചോദിച്ചു.
അവസരവാദത്തിന്റെ മൂർത്തീ ഭാവമാണ് ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ഇതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളത്തിന്റെ പ്രശ്‌നങ്ങൾക്കൊപ്പം നിലനിൽക്കേണ്ടയാളാണ് ഗവർണർ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ ഡൽഹിയിൽ പോയത്. ഗവർണർ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കേണ്ട പരിപാടിയാണോ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്തോ ആയുധങ്ങൾ കയ്യിൽ ഉണ്ടെന്നാണ് ഗവർണറുടെ ഭാവം. ഏത് രീതിയിലാണ് ഗവർണർ സർവകലാശാലയിൽ ആളുകളെ നിയമിച്ചത്? ആർ.എസ്.എസ് പറയുന്ന ആളുകളെയാണ് നിശ്ചയിക്കുന്നത്. ആർ.എസ്.എസ് എന്നത് നിങ്ങൾക്ക് യോഗ്യതയായിരിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അങ്ങനെയല്ലെന്നും മാധ്യമങ്ങൾക്കു മുമ്പാകെ തുറന്നടിച്ചു.