കല്‍പ്പറ്റ - വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴ ചുമത്തി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയര്‍ത്തിയാണ് ഹൈക്കോടതി ഹര്‍ജി തളളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി ആരാഞ്ഞു. അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നത്.പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങള്‍ പലയിടത്തായാണ് കണ്ടെത്തിയത്. ദാരുണ സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ഭീതിയില്‍ കഴിയുകയാണ്.