Sorry, you need to enable JavaScript to visit this website.

ഖത്തറിൽ നിന്ന് ഹജ് തീർഥാടകർ കുവൈത്ത് വഴി എത്തി - മന്ത്രി

മക്ക - ഖത്തറിൽ നിന്നുള്ള ഹജ് തീർഥാടകർ കുവൈത്ത് വഴി സൗദിയിൽ എത്തിയതായി സൗദി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ വെളിപ്പെടുത്തി. ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്തിട്ടും ഏതാനും ഗ്രൂപ്പ് ഖത്തർ തീർഥാടകർ കുവൈത്ത് വഴി പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന ഒരു ഖത്തരിയെയും സൗദി അറേബ്യ വിലക്കില്ല. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന മുഴുവൻ ഖത്തരികളെയും ജിദ്ദ, മദീന എയർപോർട്ടുകൾ വഴി സ്വീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകിയിട്ടുണ്ട്. ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി എത്തുന്ന ഖത്തരി തീർഥാടകരെ ആഭ്യന്തര ഹാജിമാരെ പോലെ പരിഗണിക്കും. 
ഹജ് തീർഥാടകരുടെ പരാതികൾ സ്വീകരിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം ടോൾഫ്രീ നമ്പർ (8004304444) ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയം പുറത്തിറക്കിയ 'മനാസികനാ' ആപ്പ് വഴിയും എല്ലാ തീർഥാടകർക്കും പരാതികൾ നൽകാവുന്നതാണ്. ദക്ഷിണേഷ്യൻ തീർഥാടകർക്ക് സേവനം നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബോർഡിൽ രണ്ടു വനിതകളെ ഹജ്, ഉംറ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. കൺട്രോൾ റൂമുകളിലും റിസപ്ഷൻ ഓഫീസുകളിലും ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളിലും നിരവധി വനിതകൾ ജോലി ചെയ്യുന്നു. ഏതാനും രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് ഇ-വിസ സേവനം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള തീർഥാടകർക്ക് സ്മാർട്ട് കാർഡ് പദ്ധതിയും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഇവയടക്കം നിരവധി നവീന സേവനങ്ങൾ ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 
ഹജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വകുപ്പുകളെയും ഇ-ട്രാക്കിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഇതിലൂടെ ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് എടുക്കുന്ന സമയം കുറക്കുന്നതിനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ ലക്ഷ്യമിട്ട് സ്മാർട്ട് വിവർത്തന സേവനവും ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. കല്ലേറ് കർമം നിർവഹിക്കുന്നതിന് ഓരോ ഗ്രൂപ്പ് തീർഥാടകർക്കും നിശ്ചയിച്ചു നൽകുന്ന സമയക്രമവും കടന്നുപോകേണ്ട റൂട്ടുകളും ഉണർത്തുന്ന സേവനവും ആരംഭിച്ചിട്ടുണ്ട്. ആപ്ലിക്കേഷനിൽ തീർഥാടകരുടെ പേഴ്‌സണൽ ഫയൽ വഴിയാണ് ഈ സേവനങ്ങൾ നൽകുന്നത്. 17,000 ലേറെ വരുന്ന ഹജ് ബസുകളുടെ നീക്കങ്ങൾ നിയന്ത്രിക്കുകയും ഡ്രൈവർമാർക്കും ഗൈഡുമാർക്കും വഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ടെന്ന് ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.
ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന 720 ഫീൽഡ് കമ്മിറ്റികൾ ഇരുപതു ലക്ഷത്തിലേറെ വിദേശ തീർഥാടകർക്ക് സേവനങ്ങൾ നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽശരീഫ് പറഞ്ഞു. ഈ വർഷം പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിൽ പതിനഞ്ചു ശതമാനം മുൻകൂട്ടി തയാറാക്കിയ റെഡിമെയ്ഡ് ഭക്ഷണങ്ങളാകും. വരും വർഷങ്ങളിൽ റെഡിമെയ്ഡ് ഭക്ഷണങ്ങളുടെ അനുപാതം പടിപടിയായി ഉയർത്തുമെന്നും ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽശരീഫ് പറഞ്ഞു.
 

Latest News