കല്‍പ്പറ്റ -ആളെക്കൊല്ലി കടുവ ഇപ്പോഴും കാണാമറയത്ത് തന്നെ. കടുവയെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിയുമെന്ന വനംവകുപ്പിന്റെ പ്രതീക്ഷക്കാണ് മങ്ങലേല്‍ക്കുന്നത്. വയനാട്ടിലെ വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയ്ക്ക് വേണ്ടിയുള്ള വ്യാപക തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല. 22 ക്യാമറ ട്രാപ്പുകള്‍ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തില്‍ സ്ഥാപിച്ച കൂടിന് പുറമെ പുതിയ മറ്റൊരു കൂടുകൂടി കൂടല്ലൂരില്‍ എത്തിച്ചിട്ടുണ്ട്. ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കര്‍ , ഗാന്ധിനഗര്‍ മേഖലയില്‍ ആണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ വനംവകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു. പ്രജീഷ് എന്ന യുവ ക്ഷീര കര്‍ഷകനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ തിന്ന നിലയില്‍ കണ്ടെത്തിയത്.