ന്യൂദല്‍ഹി- സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി നയിക്കുന്ന നവകേരള യാത്ര കൊണ്ട് എന്തുപ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും ആരിഫ് മുഹമ്മദ്ഖാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം സര്‍ക്കാരിന്റെ നയങ്ങളാണ്. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. ക്ലിഫ് ഹൗസിലെ സിമ്മിങ് പൂള്‍ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണ്. അതേസമയം, സംസ്ഥാനത്ത് 35 വര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളസദസിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. കേരളത്തില്‍ എന്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കലക്ടറേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിക്കുന്നതല്ലാതെ, പ്രശ്നങ്ങള്‍ക്ക് ഒരുപരിഹാരവുമാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സെനറ്റിലേക്ക് താന്‍ നാമനിര്‍ദേശം ചെയ്തവരുടെ ലിസ്റ്റ് മുഴുവന്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ വിവേചനാധികാരം എങ്ങനെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനിക്കും. താന്‍ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ കാരണം ആരെയും ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.