തിരുവനന്തപുരം- ശബരിമല ദർശനത്തിനിടെ അച്ഛനെ കാണാതെ കരഞ്ഞ കുഞ്ഞിന്റെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണവുമായി സംഘ്പരിവാർ. ശബരിമലയിലെ തിരക്കിനിടയിൽ അച്ഛനെ കാണാതായതിനെ തുടർന്ന് വാഹനത്തിൽ ഇരുന്ന കരയുന്ന കുഞ്ഞിന്റെ വീഡിയോ ഉപയോഗിച്ച് കേരളത്തിൽ ഹിന്ദുക്കളുടെ അവസ്ഥ എന്ന അടിക്കുറിപ്പോടെയാണ് വ്യാജപ്രചാരണം നടത്തുന്നത്. ഉത്തരേന്ത്യയിലെ നിരവധി സംഘ് പരിവാർ ഹാൻഡിലുകൾ വീഡിയോ പങ്കുവെച്ച് വ്യാജ പ്രചാരണം നടത്തുകയാണ്.
ബസ് നീങ്ങാൻ തുടങ്ങിയിട്ടും അച്ഛനെ കാണാതായതോടെയാണ് കുട്ടി കരയാൻ തുടങ്ങിയത്. പോലീസ് എത്തി കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 25 സെക്കന്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ അവസാനം കുട്ടിയുടെ അച്ഛൻ വരുന്നതും കുട്ടി അച്ഛാ എന്ന് വിളിക്കുന്നതും കാണാം. പോലീസിന് അവസാനം ബൈ ബൈ പറഞ്ഞാണ് കുട്ടി അടക്കമുള്ളവർ ബസിൽ യാത്രയാകുന്നത്. ഇതാണ് കേരളത്തിൽ ഹിന്ദുക്കൾക്ക് പീഡനം എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Vice President & Spokesperson of ISKCON @iskconkolkata @RadharamnDas known to share communal misinformation has yet again shared a misleading video claiming that the kid was detained by @TheKeralaPolice police for practicing Sanatan Dharma.
— Mohammed Zubair (@zoo_bear) December 12, 2023
Fact : That's not a police van/bus.… pic.twitter.com/bByW6D4JVX
അതേസമയം, ശബരിമലയിൽ ഇന്നും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദർശനം കിട്ടാത്തതിനെ തുടർന്ന് യാത്രികർ പന്തളത്ത് വഴിപാട് നടത്തി മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് പലരും മടങ്ങുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് മടങ്ങുന്നത്. ദർശനം കിട്ടാതെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. 8-10 മണിക്കൂറോളം വഴിയിൽ കാത്തു നിന്നിട്ടും ശബരിമല ദർശനം കിട്ടാതെയാണ് തീർഥാടകർ മടങ്ങുന്നത്. തീർത്ഥാടകരുടെ ക്ലേശത്തിനും പാതകളിലെ ഗതാഗതക്കുരുക്കിനും തുടർച്ചയായ അഞ്ചാംദിനവും പരിഹാരമില്ല. ശബരിമല പാതയിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ബസിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ജനലുകളിൽ കൂടി തിക്കിത്തിരക്കി ഉള്ളിൽക്കടക്കാൻ ശ്രമിക്കുന്നതുമായ കാഴ്ച്ചകൾ സ്ഥിരമായി. മൂന്നു ദിവസമായി 15 മണിക്കൂറിലധികം ക്യൂനിന്ന ശേഷമാണ് ഭക്തർക്ക് ദർശനം നടത്താനാകുന്നത്. തീർഥാടനപാതകളിലും മണിക്കൂറുകളോളമാണ് ഗതാഗതകുരുക്ക്. നിലയ്ക്കൽ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം.
ഇതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ശബരിമല ഭക്തർ നേരിടുന്ന ദുരിതങ്ങൾ അവരുമായി സംസാരിച്ച് നേരിട്ട് മനസ്സിലാക്കി. കേരളാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രഫ പി.ജെ.കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രഫ സതീഷ് കൊച്ചുപറമ്പിൽ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജി.പ്രസന്നകുമാർ, സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.പി.സാജു, മുസ്ലീംലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് എന്നിവർ അടങ്ങുന്ന സംഘമാണ് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ നിദ്ദേശ പ്രകാരം സന്ദർശനം നടത്തിയത്. ശബരിമല ദർശനത്തിനായി എത്തിയ അയ്യപ്പൻമാരുമായി നേരിട്ട് സംസാരിച്ച അവർ കെ.എസ്.ആർ.ടി.സി, പോലീസ്, ദേവസ്വം അധികൃതരുമായി ചർച്ച നടത്തി ഭക്തർ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
ശബരിമല ദർശനം സുഗമമാക്കുവാനോ ദുരിതങ്ങൾ പരിഹരിക്കുവാനോ യാതൊരു നടപടിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും സർക്കാർ സംവിധാനം ശബരിമലയിൽ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസഫും പറഞ്ഞു. നിലക്കലിൽ നിന്നും പമ്പയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ഭക്തരെ കുത്തി നിറച്ച് കൊണ്ടുപോകുന്നു. സന്നിധാനത്തെ തിരക്ക് കുറക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയിൽ ഭക്തരെ വടംകെട്ടി തടഞ്ഞു നിർത്തിയിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ ദർശനത്തിനായി മണിക്കൂറുകളോളം വെയിലത്ത് നിൽക്കേണ്ടിവരുന്നു. തീർത്ഥാടകർ തങ്ങൾക്ക് നേരിടേണ്ടിവന്ന വിഷമതകൾ യു.ഡി.എഫ് സംഘത്തോട് പങ്കുവച്ചു.
സന്ദർശനം നടത്തിയ യുഡിഎഫ് സംഘം പമ്പയിൽ യോഗം ചേർന്ന് സംസ്ഥാന സമിതിക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ചെയ്തു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ശബരിമലയിൽ എത്തുന്ന ഭക്തരോട് കാട്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ നിയമ നടപടികൾ ഉൾപ്പെടെ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംഘം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് യോഗത്തിന് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാവാത്തത് പോലീസ് ദേവസ്വം ബോർഡ് ഏകോപനമില്ലാത്തത് കാരണമാണന്ന് വ്യക്ത്യമാവുന്നു.