തിരുവനന്തപുരം- വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ യാത്ര മുടങ്ങിയ സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിലുള്ള 1254 തീര്‍ത്ഥാടകരെ സുരക്ഷിതമായി തിരുവനന്തപുരത്തെത്തിച്ചതായി ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു. ഇവരില്‍ പകുതിയിലേറെ പേരും ഇന്നു പുണ്യഭൂമിയിലേക്കു യാത്ര തിരിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവിടെ നിന്നും ഇവര്‍ യാത്രത്തിരിക്കുമെന്നും ഫൈസി അറിയിച്ചു. വള്ളക്കടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. പുരുഷന്‍മാര്‍ക്ക് മഹല്ല് പള്ളിയിലും സ്ത്രീകള്‍ക്ക് മഹല്ലിനു കീഴിലുള്ള ഓഡിറ്റോറിയം, യതീംഖാന എന്നിവിടങ്ങളിലും താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ ബന്ധുക്കളും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്നും പുരുഷന്‍മാരും സ്ത്രീകളും അടക്കമുള്ള വളണ്ടിയര്‍മാരുടെ സേവനം ഇവര്‍ക്കു ലഭിക്കുന്നുണ്ടെന്നും കമ്മിറ്റി അറിയിച്ചു. 31 പ്രത്യേക ബസുകളിലാണ് ഹാജിമാരെ തിരുവനന്തപുരത്ത് എത്തിച്ചത്.