കൊച്ചി- പോലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. ഷാജന്‍ സ്‌കറിയക്കെതിരെ പാലാരിവട്ടം പോലീസ് ചുമത്തിയ സൈബര്‍ തീവ്രവാദ കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒരു വാര്‍ത്താ വീഡിയോയില്‍ ഉപയോഗിച്ച വയര്‍ലസ് സന്ദേശത്തിന്റെ ഓഡിയോ അടിസ്ഥാനമാക്കിയുള്ള പരാതിയിലായിരുന്നു കേസ്.
ഷാജന്‍ സ്‌കറിയയുടെ പ്രവര്‍ത്തി സൈബര്‍ തീവ്രവാദമാണെന്നാണ് സ്വകാര്യ അന്യായത്തിലെ പ്രധാന ആക്ഷേപം. ഇതേ തുടര്‍ന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസിലാണ് ഷാജന്‍ സ്‌കറിയക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ജാമ്യം അനുവദിച്ചത്. ഷാജന്‍ സ്‌കറിയക്ക് വേണ്ടി അഡ്വ. ശ്യാം ശേഖര്‍, അഡ്വ. അനില്‍ പി. വി. എന്നിവര്‍ ഹാജരായി.