തൃശൂര്‍- കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ഇന്ന് സംസ്ഥാനത്ത് പലയിടത്തായി 47 പേര്‍ മരിച്ചു. ഇന്ന് തൃശൂര്‍ ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. മലപ്പുറത്ത് ഓടക്കയത്ത് മണ്ണിടിഞ്ഞ് ഏഴു പേരും മരിച്ചു. ഇടുക്കി ജില്ലയില്‍ പത്തു പേരും പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാത ശിശു ഉള്‍പ്പെടെ മൂന്ന് കുടുംബങ്ങളിലെ ഏട്ടു പേരും മരിച്ചു. കോഴിക്കോട് വീടിനു മുകളില്‍ മണ്ണിടിഞ്ഞ് രണ്ടു കുട്ടികളും മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു.
തൃശൂരില്‍ മണ്ണിനടയില്‍പ്പെട്ട പത്തു പേരെ കാണാനില്ല. മുളങ്കുന്നത്തുകാവിനടുത്ത കുറാഞ്ചേരിയില്‍ മണ്ണിടിച്ചിലില്‍ ഒലിച്ചു പോയ നാലു വീടുകളിലെ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. മരിച്ചവരില്‍ മൂന്നു പേരെ മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. രണ്ടു വീടുകള്‍ പൂര്‍ണമായും മണ്ണിനടയിലായി. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ടു പേരുടെ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. മരിച്ചവരില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിഞ്ഞിട്ടില്ല. എരുമപ്പെട്ടിക്കടുത്ത് മണ്ണിടിഞ്ഞ് കാണാതായ മൂന്ന് പേര്‍ക്കായും തിരിച്ചില്‍ പുരോഗമിക്കുകയാണ്. അതിരപ്പള്ളിക്കടുത്ത് വെട്ടികുഴിയില്‍ ഉരുള്‍പ്പൊട്ടി ഒരു സ്ത്രീ മരിച്ചു. പൂമലയില്‍ വീടു തകര്‍ന്ന് രണ്ടു പേരും കുറ്റൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒരാളും മരിച്ചു.
പ്രളയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോയ അന്നമട, കഴൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഹെലികോപ്റ്ററിലാണ് നാട്ടുകാരെ രക്ഷപ്പെടുത്തുന്നത്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ സര്‍വീസുകള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
പീച്ചി കനാലിലേക്കു മണ്ണിടിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് 42 ഇഞ്ചായി ഉയര്‍ത്തി. നേരത്തെ 31 ഇഞ്ച് ഉയരത്തിലാണ് തുറന്നിരുന്നത്. ഷട്ടറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഷട്ടറിന്റെ ചങ്ങളകള്‍ മുറിച്ചുമാറ്റിയാണ് ഉയര്‍ത്തിയത്.