അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കൊച്ചിയെ ഒന്നാമതായി ഉൾപ്പെടുത്തി ലോകപ്രശസ്ത ട്രാവൽ വെബ്‌സൈറ്റായ കൊണ്ടെ നാസ്റ്റ്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികൾ, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷണമായി ഇതിൽ എടുത്തു പറയുന്നത്.
നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് കൊച്ചിയിലെ ജലഗതാഗതമെന്ന് വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടി. 14 ാം നൂറ്റാണ്ട് മുതലുള്ള അറബ്, ചൈനീസ്, യൂറോപ്യൻ സഞ്ചാരികൾ ജലഗതാഗതത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കി.മീ ദൈർഘ്യമുള്ള വാട്ടർമെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കാൻ പോകുന്നത്. 2024 ൽ ഇത് പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുമെന്നതും പ്രതീക്ഷയുണർത്തുന്നു.
ഇതു കൂടാതെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലും ഇവിടെത്തന്നെയാണെന്ന് ലേഖനത്തിൽ പറയുന്നു. അടുത്ത വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ബൃഹത്തായ പദ്ധതിയാണ് ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നത്. മൂന്നാർ മുതൽ കോഴിക്കോട് വരെയും, തൃശൂർ പൂരം മുതൽ കൊച്ചി മുസിരിസ് ബിനാലെ വരെയുമുള്ള ടൂറിസം ഇടനാഴി മികച്ചതാണ്. ചൈനീസ് വലയിലെ മീൻ പിടിത്തവും കണ്ടൽകാടുകളിലൂടെയുള്ള വഞ്ചിയാത്രയും ഭാരതപ്പുഴയിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികളെ ആകർഷിക്കും. പൊക്കാളിപ്പാടങ്ങൾ, പാലക്കാടൻ ഗ്യാപ്പ്, പൊന്നാനി അങ്ങാടി എന്നിവയെല്ലാം മികച്ചതാക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. സുസ്ഥിര ലക്ഷ്യങ്ങളും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങളും പാലിക്കുന്നതിലെ നിഷ്‌കർഷയും സാംസ്‌കാരിക ഉത്സവങ്ങളിലെ ടൂറിസം സാധ്യതകൾ കണ്ടെത്തിയതും പൊതുജന പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൈം മാസികയുടെ 2022 ലെ ഗ്രേറ്റസ്റ്റ് പ്ലേസസ് പട്ടികയിലും ന്യൂയോർക്ക് ടൈംസിന്റെ മികച്ച 52 സ്ഥലങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിരുന്നു. ടൂറിസം വകുപ്പിന്റെയും വ്യവസായ സംരംഭങ്ങളുടെയും യാത്ര ശരിയായ ദിശയിലാണെന്നതിന്റെ തെളിവ് കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനസമൂഹത്തിന്റെ വൈവിദ്ധധങ്ങൾ, സാംസ്‌കാരിക ഉത്സവങ്ങൾ, പൈതൃക-ആധുനിക നാഗരികത എന്നിവയാണ് കൊച്ചിയെ വേറിട്ടു നിറുത്തുന്നതെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം പ്രവർത്തനങ്ങൾക്ക് വേഗം പകരാൻ ഈ നേട്ടം കൊണ്ട് സാധിക്കുമെന്ന് കേരള ടൂറിസം ഡയറക്ടർ എസ് പ്രേംകൃഷ്ണൻ ചൂണ്ടിക്കാട്ടി
അലങ്കാരമായി മെട്രോ ട്രെയിൻ
നഗരത്തിന്റെ പ്രധാന ആകർഷണമാണ് കൊച്ചി മെട്രോ. എയർകണ്ടീഷൻ ചെയ്ത ആകാശ പാതയിലൂടെ കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്ത് കുതിച്ചെത്തുന്ന കൊച്ചി മെട്രോ മലയാളികളുടെയാകെ യാത്രാസങ്കൽപങ്ങളെ മാറ്റിമറിച്ചു കഴിഞ്ഞു. മന്ദം മന്ദമാണെങ്കിലും മെട്രോ ഓരോ നാഴികക്കല്ലും പിന്നിട്ട് കൊച്ചിയുടെ പ്രാന്ത നഗരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം മെട്രോ റെയിലിനാൽ ബന്ധിക്കപ്പെടുന്ന നാളുകൾ ജനങ്ങളുടെ സ്വപ്നമാണ്. കൊച്ചി നഗരത്തിൽ നിന്ന് ഇടപ്പള്ളി, കളമശ്ശേരി, ആലുവ, തൃപ്പൂണിത്തുറ എന്നീ നഗരങ്ങളിലേക്കാണ് നിലവിൽ മെട്രോ റെയിലിൽ യാത്ര ചെയ്യാൻ കഴിയുന്നതെങ്കിൽ അനതിവിദൂര ഭാവിയിൽ തന്നെ കാക്കനാട്, നെടുമ്പാശ്ശേരി, അങ്കമാലി, ഫോർട്ട്കൊച്ചി നഗരങ്ങളിലേക്കും പല ഘട്ടങ്ങളായി പാത നിലവിൽ വരും.
2013 ജൂണിലാണ് മെട്രോ നിർമാണം തുടങ്ങിയത്. 2017 ജൂൺ 17ന് 13.2 കിലോമീറ്റർ ദൂരം 11 സ്റ്റേഷനുകളുള്ള ആലുവ-പാലാരിവട്ടം പാത തുറന്നു. ഒക്ടോബർ മൂന്നിന് പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ 4.96 കിലോമീറ്റർ പാത കൂടി തുറന്നു. ആകെ സ്റ്റേഷനുകൾ 16.
സൗത്ത് റെയിൽവേ സ്റ്റേഷനും വൈറ്റില ജങ്ഷനും കടന്ന് 2019 സെപ്തംബർ മൂന്നിന് മെട്രോ തൈക്കൂടത്തെത്തി. 5.5 കിലോമീറ്റർ പാതയിൽ അഞ്ച് സ്റ്റേഷനുകൾ. 25.16 കിലോമീറ്റർ പാതയിലെ അവസാന സ്റ്റേഷനായ പേട്ടയിലേക്കുള്ള സർവീസ് 2020 സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പേട്ട-എസ്എൻ ജങ്ഷൻ പാതയുടെ ഉദ്ഘാടനം കഴിഞ്ഞ സെപ്തംബറിൽ പ്രധാനമന്ത്രി നടത്തിയതോടെ ആകെ മെട്രോ പാതയുടെ നീളം 26.24 ആയി. ആകെ സ്റ്റേഷനുകൾ 24. രാവിലെ ആറു മുതൽ രാത്രി 10.30 വരെ യാത്രത്തിരക്കിനെ അടിസ്ഥാനമാക്കി 7-8 മിനിറ്റ് ഇടവേളയിലാണ് സർവീസ്.
ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കേ രണ്ടാം ഘട്ടത്തിലെ മൂന്ന് സ്റ്റേഷൻ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിർമാണത്തിനായുള്ള ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. 2025 നവംബർ മാസത്തോടെ കാക്കനാട് - ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് സ്ഥലങ്ങളിൽ ഒരേ സമയം നിർമാണം കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടൊപ്പം ഒരേ സമയം നാല് സ്റ്റേഷനുകളുടെയും നിർമാണവും നടത്താനാണ് ലക്ഷ്യമിടുന്നത്.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ 11 സ്റ്റേഷനുകളാണ് ഉണ്ടാകുക. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ നിന്നും പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജംഗ്ഷൻ, കൊച്ചി സെസ്സ്, ചിറ്റേട്ടുകര, കിൻഫ്രാ പാർക്ക്, ഇൻഫോപാർക്ക് 1, ഇൻഫോപാർക്ക് 2 എന്നിവയാണ് നിർദിഷ്ട സ്റ്റേഷനുകൾ.
ഇതിനെല്ലാം പുറമേയാണ് കൊച്ചിയുടെ പ്രധാന ആകർഷണമായി വാട്ടർ മെട്രോ അടുത്തിടെ യാഥാർഥ്യമായത്. ഹൈക്കോർട്ട് ജെട്ടിയിലായാലും കാക്കനാട്ടായാലും ഏത് സമയത്തും ബോട്ടുകളിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ടൂറിസ്റ്റുകൾ വാട്ടർ മെട്രോയിൽ സഞ്ചരിക്കാനെത്തുന്നുവെന്നത് ശ്രദ്ധേയമാണ്.