ജിദ്ദയില്‍ അഭിനയം പഠിപ്പിക്കാന്‍ സിദ്ദീഖ് എത്തുന്നു
റിയാദില്‍ മൂന്നു വര്‍ഷം ജോലി ചെയ്തപ്പോഴും തിരികെ നാട്ടിലെത്തിയപ്പോഴും നടനാവുമെന്ന് കരുതിയിരുന്നില്ല. പക്ഷേ അഭിനയം എനിക്കിഷ്ടമായിരുന്നു. സിനിമ എന്റെ സിരകളില്‍ ആവേശമായി നിന്നിരുന്നു. നാടകത്തില്‍ അഭിനയിച്ചിട്ടില്ല. റേഡിയോ നാടകങ്ങളില്‍ പില്‍ക്കാലത്ത് അഭിനയിച്ചു. അത് പക്ഷേ നമ്മുടെ മുഖം കാണാതെയായിരുന്നല്ലോ. ഒരു റേഡിയോ നാടകത്തില്‍ ആറു വേഷങ്ങള്‍ ഞാന്‍ തന്നെ ചെയ്ത് റെക്കാര്‍ഡിട്ട അനുഭവവുമുണ്ടായിട്ടുണ്ട്- മുന്നൂറ്റമ്പത് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സിദ്ദീഖ് പറഞ്ഞു.
ജിത്തു ജോസഫ് സംവിധാനവും ബേസില്‍ ജോസഫ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന നുണക്കുഴി എന്ന പടത്തിന്റെ ഷൂട്ടിംഗ് തുടരുകയാണ്.
അമൃതാ ടി.വിയിലെ സമാഗമം എന്ന ടോക്‌ഷോ സിദ്ദീഖിന്റെ അവതരണരീതിയെ ഏറെ പ്രചാരമുള്ളതാക്കി. തികച്ചും സ്വാഭാവികമായാണ് ജീവിതത്തിന്റെ വിവിധരംഗങ്ങളിലെ പ്രശസ്തരുമായുള്ള ഈ അഭിമുഖ പരിപാടി. ഇപ്പോള്‍ ഫേസ്ബുക്കില്‍ക്കൂടി സമാഗമം വന്നതോടെ ലക്ഷങ്ങളാണ് ഇതിന്റെ കാഴ്ചക്കാര്‍. സമാഗമം എന്റേയും പൊതുവിജ്ഞാനം ഏറെ വര്‍ധിപ്പിച്ചു - സിദ്ദീഖ് പറഞ്ഞു.
ഏഷ്യാനെറ്റിലെ സ്ത്രീ പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള സിദ്ദീഖിന് സീരിയലുകളോട് ഇപ്പോഴും ഭ്രമമാണ്. ഇടയ്ക്ക് നന്ദനം എന്ന സിനിമയുടെ നിര്‍മാണവുമായും സഹകരിച്ചു. തമിഴ്, തെലുഗു, ഹിന്ദി സിനിമകളിലും സിദ്ദീഖ് അഭിനയിച്ചിട്ടുണ്ട്.
പ്രവാസികളുടെ കലാതാല്‍പര്യം തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് പറഞ്ഞ സിദ്ദീഖ്, പ്രവാസി സബ്ജക്ടുകളില്‍ വേണ്ടത്ര നല്ല ചിത്രങ്ങള്‍ വന്നുകാണുന്നില്ലെന്ന് പറഞ്ഞു. അപൂര്‍വം പടങ്ങള്‍ ഇറങ്ങിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.
എറണാകുളം എടവനക്കാട് സ്വദേശിയായ സിദ്ദീഖ്, ആ നേരം അല്‍പദൂരം എന്ന പടത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഇന്‍ ഹരിഹര്‍നഗര്‍ എന്ന ചിത്രത്തിലെ വേഷമാണ് ഒരു ബ്രേയ്ക്കായത്. തുടര്‍ന്ന് ഗോഡ് ഫാദര്‍, മാന്ത്രികച്ചെപ്പ്, സിംഹവാലന്‍ മേനോന്‍, കാസര്‍കോട് ഖാദര്‍ഭായി, കുണുക്കിട്ട കോഴി, വെല്‍കം ടു കൊടൈക്കനാല്‍, തിരുത്തല്‍വാദി, അസുരവംശം, സത്യമേവ ജയതേ, സന്ദേശം, ലേലം തുടങ്ങിയ സിനിമകളിലെല്ലാം വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്ത സിദ്ദീഖ് എല്ലാ കഥാപാത്രങ്ങളേയും ഉജ്വലമാക്കി. ചില കഥാപാത്രങ്ങള്‍ പലരുടേയും മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത വിധം തിളക്കമാര്‍ന്നതാണ്. ഉദാഹരണം സന്ദേശം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഉദയഭാനു എന്ന കൃഷ്ി ഓഫീസര്‍.
ഒരേ സമയം നായകനായും പ്രതിനായകനായും സഹനടനുമായൊക്കെ തിളങ്ങുന്ന സിദ്ദീഖിന് ഏത് റോളും അനായാസം അഭിനയിച്ച് വിജയിപ്പിക്കാനാകും. ഒരു നടന്‍ എന്ന നിലയില്‍ എല്ലാ അര്‍ഥത്തിലും ഞാന്‍ സംതൃപ്തനാണെന്നും സിദ്ദീഖ് പറഞ്ഞു. മകന്‍ ഷഹീന്‍ സിദ്ദീഖും അഭിനയരംഗത്തുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സലീം അഹമ്മദിന്റെ പത്തേമാരി എന്ന പടത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചിട്ടുള്ള ഷഹീന് പുതിയ അവസരങ്ങള്‍ വന്നിട്ടുണ്ട്.
ജിദ്ദയില്‍ ആരംഭിക്കുന്ന ഗുഡ്‌ഹോപ് ആര്‍ട്ട് അക്കാദമിയുമായി സഹകരിക്കാനുള്ള സന്നദ്ധത സിദ്ദീഖ് അറിയിച്ചു. അഭിനയത്തെക്കുറിച്ച് ക്ലാസെടുക്കാന്‍ താന്‍ ജിദ്ദയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മുമ്പിലെത്തുമെന്നും സിദ്ദീഖ് പറഞ്ഞു.