തിരുവനന്തപുരം - വിവാഹത്തിനായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് റുവൈസിനെ പോലീസ് കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത്. ഇന്നലെ റുവൈസി ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം അതീവ ഗൗരവമുള്ളതാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റുവൈസിന്റെ പിതാവിനെ കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഡോ.ഷഹനയും ഡോ.റുവൈസും തമ്മില്‍ നിശ്ചയിച്ച വിവാഹം നടക്കണമെങ്കില്‍ ബി.എം.ഡബ്ല്യു കാര്‍ വേണമെന്നും 15 ഏക്കര്‍ സ്ഥലവും അതിന് പുറമേ സ്വര്‍ണവും സ്ത്രീധനമായി വേണമെന്ന് വരനും വീട്ടുകാരും ശാഠ്യം പിടിക്കുകയായിരുന്നു. വിവാഹത്തിനായി വീട് പെയിന്റ് പണി അടക്കം നടത്തിയ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയതെന്നും തുടര്‍ന്നാണ് വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായതെന്നുമാണ് പരാതി.ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹന കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ അനസ്തേഷ്യാ മരുന്ന് അമിതമായി കുത്തിവെച്ച് ഫ്ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. കൂട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.