ദോഹ- ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവിക്ക് പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്‌കാരം . ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് ഡോ.ഷഫീഖ് ഹുദവിയെ തെരഞ്ഞെടുത്തതായി എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറുമായ ഡോ.എസ്. അഹ് മദ് അറിയിച്ചു.
മികച്ച സംരംഭകന്‍ എന്നതിലുപരി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും പരിഗണിച്ചാണ് ഡോ.ഷഫീഖ് ഹുദവിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ജനുവരി 11 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് അവാര്‍ഡ് സമ്മാനിക്കും.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി (കോടങ്ങാട്) സ്വദേശിയായ ഷഫീഖ് ഹുദവി കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഖത്തറില്‍ സജീവമാണ്. തീര്‍ത്തും ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഹുദവി സ്വന്തം പരിശ്രമങ്ങള്‍കൊണ്ട് ഒരു മികച്ച സംരംഭകനായി വളരുകയായിരുന്നുവെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. ഖത്തറിന് പുറമേ യു.എ.ഇ, ഈജിപ്ത് , ഇന്ത്യ എന്നിവിടങ്ങളില്‍ ശാഖകളുള്ള അല്‍ മവാസിം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. അല്‍ മവാസിം ട്രാന്‍സ് ലേഷന്‍ ആന്റ് സര്‍വീസസ്, ലീഗല്‍ ഫോര്‍ ട്രാന്‍സ് ലേഷന്‍ ആന്റ് സര്‍വീസസ്, അല്‍ മവാസിം അക്കാദമി, സി.കെ.എസ്. ലിമോസിന്‍, തുടങ്ങിയവയാണ് അല്‍ മവാസിം ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനങ്ങള്‍.
സൈദലവി ഹാജി ചക്കുന്നന്റേയും സൈനബ പൂന്തലയുടേയും മകനായ ഷഫീഖ് 2009ലാണ് ചെമ്മാട്ടെ പ്രശസ്തമായ ദാറുല്‍ ഹുദ അക്കാദിമിയില്‍ നിന്ന് ഹുദവി ബിരുദമെടുത്തത്. തുടര്‍ന്ന് ഇഗ്‌നോയുടെ എം.എ. ഇംഗ്ലീഷും ഹൈദറാബാദില്‍ നിന്നും എം. എ. ഉറുദുവും പൂര്‍ത്തിയാക്കി. ബുഷ്‌റ തടത്തിലാണ് ഭാര്യ.