തിരുവനന്തപുരം - വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വിവാഹം മുടങ്ങിയ മനോവിഷമത്തില്‍ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോ. റുവൈസിന്റെ പിതാവിനെ ഇനിയും കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി റുവൈസിന്റെ ബന്ധുവീട്ടിലടക്കം പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഡോ. റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. റുവൈസിന്റെ പിതാവിനെതിരെയുള്ള അന്വേഷണം ഊര്‍ജ്ജിതമാണെന്നും ആത്മഹത്യാ പ്രേരണയും സ്ത്രീധന നിരോധനവുമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
കരുനാഗപ്പള്ളിയിലെ ഇവരുടെ വീട് പൂട്ടിയ നിലയിലാണുള്ളത്. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ ഉമ്മയുടെ മൊഴി. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയിരുന്നു.ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയിരുന്നില്ല.