തിരുവനന്തപുരം - വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കെതിരെ ജാഗ്രത പാലിക്കണെന്നും ഇവരുടെ കെണിയില്‍ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കാനഡ, ഇസ്രായേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ തൊഴില്‍ വാഗ്ദാനം നല്‍കി തൊഴില്‍ അന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം ഏജന്റുമാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ്ബുക്, വാട്‌സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വിശദ വിവരങ്ങള്‍ ഒന്നും എവിടെയും ലഭ്യമാകുന്നില്ല. വാട്‌സ്ആപ്പ് വഴി മാത്രമാണ് ഇത്തരം തട്ടിപ്പുകാര്‍ ആശയവിനിമയം നടത്തി വരുന്നത്. അതിനാല്‍ വിദേശതൊഴില്‍ തേടുന്ന വ്യക്തികള്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ സ്വീകരിക്കാവൂ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.