അബുദാബി- ദുബായുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയും പിന്തുണയും നല്‍കാന്‍ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര പൊതുസ്ഥാപനമായിരിക്കും ഇത്.
ഫണ്ടിന് അതിന്റെ ലക്ഷ്യങ്ങള്‍ പിന്തുടരാനുള്ള സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം നിയമം അനുശാസിക്കുന്നു.
ശൈഖ് മക്തൂം ബിന്‍ റാഷിദ് മുഹമ്മദ് അധ്യക്ഷനായ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു.
അബ്ദുല്‍റഹ്മാന്‍ സാലിഹ് അല്‍ സാലിഹ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായും അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ മുല്ല, റാഷിദ് അലി ബിന്‍ ഒബൂദ്, അഹമ്മദ് അലി മെഫ്ത എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കും.
അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ മുല്ലയെ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിക്കുന്നതിന് കൗണ്‍സില്‍ അംഗീകാരം നല്‍കി.