കൊച്ചി - പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ കെ എസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ കേസില്‍ വധശ്രമം ചുമത്തിയ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. ബസിന് നേരെ ഷൂ എറിഞ്ഞാല്‍ എങ്ങനെയാണ് വധശ്രമത്തിനുള്ള 308-ാം വകുപ്പ് ചുമത്താന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ നാല് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് പോലീസിനെതിരെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിമര്‍ശനം ഉന്നയിച്ചത്. നാല് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചു.