Sorry, you need to enable JavaScript to visit this website.

വെള്ളം ഇനിയും ഉയരാന്‍ സാധ്യത; നിര്‍ദേശങ്ങള്‍ അവഗണിക്കരുത്(വിഡിയോ)

തിരുവനന്തപുരം- വെള്ളം കയറില്ല എന്ന കണക്കുകൂട്ടലില്‍ ഉദ്യോഗസ്ഥസ്ഥരുടെ നിര്‍ദേശം അവഗണിക്കരുതെന്നും  മാറിത്താമസിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. 
പെരിയാര്‍, ചാലക്കുടി എന്നീ ഭാഗങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുറച്ചു കൂടി ജാഗ്രത പാലിക്കണം. പെരിയാറിചാലക്കുടിയിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ തയ്യാറാകണം.
ചാലക്കുടി പുഴയുടെ കരയില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ മാറിത്താമസിക്കുന്നതാണ് നല്ലത്. ആലുവയില്‍,  ഇപ്പോള്‍ വെള്ളം കയറിയതിന് അരക്കിലോ മീറ്റര്‍ പരിധിയിലുള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് മാറണം. കുട്ടനാട് മേഖയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയിടങ്ങളില്‍ പ്രശ്നമുണ്ടായേക്കാം. വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിച്ചു ചേര്‍ക്കും.
രക്ഷാപ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും സഹകരിച്ചാല്‍ നാട്ടിലുള്ള മുഴുവന്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയും. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിളിച്ചിരുന്നുവെന്നും അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ആവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. എന്‍ ഡി ആര്‍ എഫിന്റെ 40ടീമുകളെ കൂടി അയക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. 200 ലൈഫ് ബോയ്സിനെ കേരളത്തിലേക്ക് അയക്കും. 250 ലൈഫ് ജാക്കറ്റുകളും ലഭിക്കും. കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യോമസേന പത്ത് ഹെലികോപ്ടര്‍ ലഭ്യമാക്കിയിട്ടുണ്ട്. പത്തെണ്ണം കൂടി തരാന്‍ സമ്മതിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് മറൈന്‍ കമാന്‍ഡോസിനെ എത്തിക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജലസംഭരണ ശേഷി പരമാവധിയിലേക്ക് എത്താന്‍ കാത്തുനില്‍ക്കാതെ അതിനു മുമ്പേ ഘട്ടം ഘട്ടമായി തുറന്നുവിടുന്ന രീതിയാണ്  ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ കേരളം സ്വീകരിച്ചത്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ജലസംഭരണശേഷി പരമാവധിയിലെത്തിയപ്പോഴാണ് തമിഴ്നാട് അണക്കെട്ട് തുറന്നുവിട്ടത്. അതുകൊണ്ടു തന്നെ ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ പൊതുവായ ഒരു ഏകോപനം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഒരു കമ്മറ്റി രൂപവത്കരിച്ചു. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ചെയര്‍മാന്‍ ആയിരിക്കും കമ്മറ്റി അധ്യക്ഷന്‍. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരും തമിഴ്നാടില്‍നിന്നുള്ള ഉദ്യോഗസ്ഥരും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നല്ല സഹകരണമാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ ഡ്യൂട്ടിയായി കണക്കാക്കും. ഈ ആഴ്ച നിശ്ചയിച്ചിട്ടുള്ള പി എസ് സി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെടും.
അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സിയെ അറിയിക്കും. ഒറ്റപ്പെട്ടു പോയവരെ കുറിച്ചുള്ള വിവരം നല്‍കുകയും രക്ഷപ്പെടുത്താന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആര്‍മി, എയര്‍ഫോഴ്സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ ഫോഴ്സ്, എന്‍ ഡി ആര്‍ എഫ് ഇവരുടെ എല്ലാവരുടെയും കൂടി 52 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരളത്തിലുണ്ട്. ആര്‍മിയുടെ 12 സംഘം, എയര്‍ ഫോഴ്സിന്റെ എട്ട് ഹെലികോപ്ടര്‍, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു ടീം ഒരു ഹെലികോപ്ടര്‍, ഇവരാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
 

Latest News