കൊല്ലം-കർണാടകയിലെ കുടകിൽ മലയാളി ദമ്പതികളെയും മകളെയും റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമുക്ത ഭടനായ വിനോദ് ബാബുസേനൻ (43), കോളേജ് അധ്യാപികയായ ജിബി ഏബ്രഹാം (38), മകൾ ജെയിൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയതിനുശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിനോദിന്റെയും ജിബിയുടെയും രണ്ടാം വിവാഹമാണ്. ജിബിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ് 11കാരിയായ മകൾ ജെയ്ൻ മരിയ ജേക്കബ്. ജിബിയുടെ രണ്ടാം വിവാഹത്തിന് ശേഷം കുട്ടി ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ജെയ്ൻ മരിയ. വിനോദിനും ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. കോട്ടയം അയ്മനം സ്വദേശിയാണ് ജിബി. കാസർകോട് സ്വദേശിയുമായിട്ടായിരുന്നു ജിബിയുടെ ആദ്യ വിവാഹം. ഈ ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് ഇരുവരുടെയും വിവാഹം.
വിനോദിന് കരസേനയിലായിരുന്നു ജോലി. 2012 ൽ തിരിച്ചെത്തിയശേഷം വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ജിബിയെ പരിചയപ്പെട്ടത്. തിരുവല്ല മാർത്തോമ്മാ കോളേജ് ബയോടെക്നോളജി വിഭാഗം അധ്യാപികയായിരുന്നു ജിബി.
കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. തിരുവല്ലയിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം. കോളേജിൽനിന്ന് ജിബി ഒരാഴ്ച മുൻപ് ലീവെടുത്തിരുന്നു. ദൽഹിക്ക് പോകാനാണ് ലീവെടുത്തതെന്നാണ് കോളേജിൽ പറഞ്ഞത്. തങ്ങളുടെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഡിസംബർ എട്ടിന് വൈകുന്നേരം ആറുമണിക്ക് റിസോർട്ടിലെത്തിയാണ് ഇവർ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മടങ്ങുമെന്ന് റിസോർട്ട് ജീവനക്കാരെ അറിയിച്ചിരുന്നു. ദമ്പതികളെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.