Sorry, you need to enable JavaScript to visit this website.

ഷബ്‌നയുടെ മരണം: ആക്ഷൻ കമ്മിറ്റി ഡിവൈ.എസ്.പിയെ കണ്ടു

നാദാപുരം- അരൂരിലെ പുളിയം വീട്ടിൽ കുനിയിൽ അമ്മതിന്റെ മകൾ ഷബ്‌ന ഭർതൃ വീട്ടിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. ഒരാളെ മാത്രമാണ് പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. 
ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈ.എസ്.പിയെ കണ്ടു. ഇതിന്റെ വെളിച്ചത്തിൽ ഡിവൈ.എസ്.പി ഇന്നലെ രാത്രി ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി എടുത്തു. അറസ്റ്റിലായ ഭർത്താവിന്റെ അമ്മാവന് മാത്രമല്ല സംഭവത്തിൽ ബന്ധമെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു.  യുവതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് വന്നെങ്കിലും കൂട്ടു പ്രതികളെ പിടികൂടുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മരിക്കുന്നതിന് മുമ്പ് യുവതി തന്നെ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം  പുറത്ത് വന്നിരുന്നു. അതും പോലീസ് പരിശോധിക്കുന്നൂണ്ട്.   ഷബ്‌നയുടെ 10 വയസുകാരിയായ മകൾ  മറ്റ് പ്രതികളുടെ ഇടപെടൽ വ്യക്തമാക്കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. 
വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി  വീണ്ടും ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളിൽനിന്ന് മൊഴി എടുത്തു. കേസിൽ യാതോരു അലംഭാവം ഇല്ലെന്നും ഊർജിത അന്വേഷണം നടക്കുന്നതായും ഡിെൈവ.എസ്.പി പറഞ്ഞതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആക്ഷൻ കമ്മിറ്റി ഇന്നലെ യോഗം ചേർന്ന് കേസന്വേഷണത്തിലെ പുരോഗതി വിലയിരുത്തി. അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥരെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. താമസിയാതെ അരൂരിൽ ആക്ഷൻ കമ്മിറ്റി പൊതുയോഗം സംഘടിപ്പിക്കും. ഇതിനിടയിൽ ഇന്നലെ ഭർതൃ വീടിനടുത്ത് നെല്ലാച്ചേരിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഷബ്‌നയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതായിരുന്നു ആവശ്യം. കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. കെ പുഷ്പജ, ഡി ദീപ എന്നിവർ പ്രസംഗിച്ചു. വിവിധ തുറകളിലുള്ള ഒട്ടേറെ പേർ ഇന്നലേയും ഷബ്‌നയുടെ വീട്ടിലെത്തി.

Latest News