Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശികളെ തട്ടിക്കൊണ്ടുപോയി അരക്കോടി കൊള്ളയടിച്ച കേസിൽ അന്വേഷണം കാസർകോട്ടേക്കും

കാസർകോട്- മൈസൂരിൽ സ്വർണ്ണം വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളെ കാറടക്കം തട്ടികൊണ്ടുപോയി അരക്കോടി രൂപ കൊള്ളയടിച്ച കേസിന്റെ അന്വേഷണം കാസർകോട്ടേക്കും കണ്ണൂരിലേയ്ക്കും വ്യാപിപ്പിച്ചു. മലപ്പുറം, തിരൂരങ്ങാടിയിലെ കരാറുകാരൻ കെ.ഷംജദ് (28), സുഹൃത്തും വിദ്യാർത്ഥിയുമായ അഫ്നു (18) എന്നിവരെ കഴിഞ്ഞ ദിവസം പുലർച്ചെ കുടക്, തിത്തിമത്തി, ഭദ്രഗോളയ്ക്കടുത്തു വച്ചാണ് തട്ടികൊണ്ടുപോയത്. തന്റെ കൈവശം ഉണ്ടായിരുന്ന 750 ഗ്രാം സ്വർണ്ണം മൈസൂരിൽ വിൽപ്പന നടത്തിയ പണവുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംജദും സുഹൃത്തും. ഭദ്രഗോളിക്കു സമീപത്ത് എത്തിയപ്പോൾ റോഡരികിൽ ലോറി നിർത്തിയിട്ട നിലയിൽ കണ്ടു. അപകടമാണോ എന്നറിയാൻ കാറിന്റെ വേഗത കുറച്ചു നീങ്ങി. അപ്പോൾ പിറകെ വാഹനങ്ങളിൽ എത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സംഘം കാർ തടഞ്ഞ് ഷംജദിനോട് പണം ആവശ്യപ്പെട്ടു. മലയാളത്തിലാണ് അക്രമി സംഘം സംസാരിച്ചത്. പണമില്ലെന്നു പറഞ്ഞപ്പോൾ തട്ടികൊണ്ടുപോവുകയും പണം തട്ടിയെടുത്തശേഷം വിജനമായ സ്ഥലത്ത് കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുട്ടിൽ സ്ഥലം അറിയാതെ ഒന്നര കിലോമീറ്റർ ദൂരം നടക്കുകയും മെയിൻ റോഡിൽ എത്തിയപ്പോൾ ഒരു പത്ര വിതരണ വാഹനത്തിൽ കയറി വീരാജ്‌പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷംജാദിന്റെ കാർ കോലത്തോട് എന്ന സ്ഥലത്തു നിന്നും കണ്ടെത്തി. കേടുപാട് പറ്റിയ നിലയിലായിരുന്നു കാർ. ഐ ജി ഡോ. ബോറലിംഗപ്പ, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അഡീഷണൽ എസ് പി യുടെയും ഡി വൈ എസ് പി യുടെയും നേതൃത്വത്തിൽ മൂന്ന് ഇൻസ്‌പെക്ടർമാരും ഏഴ് സബ് ഇൻസ്‌പെക്ടർമാരും ചേർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. കാസർകോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് സമാനതട്ടിപ്പുകൾ നടത്തുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Latest News