സുൽത്താൻബത്തേരി-പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂരിൽ ശനിയാഴ്ച യുവ കർഷകൻ പ്രജീഷിനെ കൊപ്പെടുത്തിയ കടുവയെ കണ്ടെത്തുന്നതിന് വനസേന തെരച്ചിൽ തുടരുന്നു. വാകേരിയിലെ കാപ്പിത്തോട്ടങ്ങളിലും സമീപത്തെ വനത്തിലുമാണ് തെരച്ചിൽ നടത്തിയത്. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുസമദിന്റെ നേതൃത്വത്തിൽ ദ്രുത പ്രതികരണ സേനയിൽനിന്നുള്ളവരടക്കം 60 പേരാണ് മൂന്നു സംഘങ്ങളായി തിരിഞ്ഞ് രാവിലെ മുതൽ വൈകുന്നേരം വരെ തെരച്ചിൽ നടത്തിയത്. കടുവ നേരത്തേ വന്നുപോയപ്പോൾ പതിഞ്ഞ കാൽപാടുകൾ പിന്തുടർന്നായിരുന്നു തെരച്ചിൽ. മൂന്നു സംഘത്തിനും കടുവയെ കാണാനായില്ല.
പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞശേഷം കൂടുവെച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടികൂടാനും ഇതു സാധ്യമായില്ലെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച് കൊല്ലാനും സംസ്ഥാന മുഖ്യ വനം-വന്യജീവി പാലകൻ ഉത്തരവിറക്കിയിട്ടുണ്ട്. കൂടല്ലൂരിൽ ഇന്നലെ കൂട് സ്ഥാപിച്ചു. ഉച്ചയോടെയാണ് കൂട് വാകേരിയിൽ എത്തിച്ചത്.
കടുവയെ നിരീക്ഷിക്കുന്നതിന് എട്ട് ക്യാമറ ട്രാപ്പ് കൂടി സ്ഥാപിച്ചു. ഇതോടെ ക്യാമറ ട്രാപ്പ് എണ്ണം 22 ആയി.
തെരച്ചലിനു ഡ്രോൺ ഉപയോഗപ്പെടുത്തും. ഉത്തര മേഖല സി.സി.എഫ് കെ.എസ്.ദീപ ഇന്നലെ കൂടല്ലൂരിൽ സന്ദർശനം നടത്തി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് കടുവയെ പിടികൂടുന്നതിനു നീക്കം ഊർജിതമാണെന്ന് അവർ പറഞ്ഞു. നരഭോജി കടുവയെ പിടിക്കാനും അതിനുകഴിഞ്ഞില്ലെങ്കിൽ കൊല്ലാനുമുള്ള ദൗത്യത്തിന്റെ മേൽനോട്ടച്ചുമതല ദീപയ്ക്കാണ്. കടുവയെ തിരിച്ചറിയുക എന്നത് ദൗത്യത്തിൽ സുപ്രധാനമാണ്. പ്രദേശത്ത് നേരത്തേ സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ പതിഞ്ഞ കടുവയുടെ ചിത്രം വ്യക്തമല്ലെന്ന് അവർ പറഞ്ഞു.
മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം, താമരശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാർ തോമസ് എന്നിവർ ഇന്നലെ കൂടല്ലൂരിൽ സന്ദർശനം നടത്തി. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബാംഗങ്ങളെ അവർ ആശ്വസിപ്പിച്ചു. വന്യജീവികളിൽനിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണാധികാരികൾ ഉദാസീനത കാട്ടരുതെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ബിഷപുമാർ ആവശ്യപ്പെട്ടു. വന്യജീവി പ്രതിരോധത്തിനു ശാസ്ത്രീയ പദ്ധതികൾ അടിയന്തരമായി പ്രാവർത്തികമാക്കണമെന്ന് നിർദേശിച്ചു.
പ്രജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായി അഞ്ചു ലക്ഷം രൂപ കൈമാറി. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുസമദ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രാകാശ് തുടങ്ങിയവർ പ്രജീഷിന്റെ വീട്ടിലെത്തിയാണ് ഗഡു നൽകിയത്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം.