Sorry, you need to enable JavaScript to visit this website.

വിടപറഞ്ഞത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കാവൽ ഭടൻ 

പി.കെ.വി, കാനം രാജേന്ദ്രൻ (ഫയൽ)

കാനവുമായി എനിക്കു അടുത്തിടപെടാൻ അവസരം ലഭിച്ചത്  2019 ഡിസംബറിൽ ഞാൻ ലോക കേരള സഭയിൽ അംഗമായതോടെയാണ്. മൂന്നു ദിവസത്തെ തിരുവന്തപുരത്തെ സഭ സമ്മേളനത്തിൽ ഒരു ദിവസം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുക്കുന്ന ഞങ്ങളുടെ പ്രതിനിധികളുമായി പരിചയപ്പെടുകയും പിറ്റേന്നുള്ള സഭ സമ്മേളനത്തിൽ ഉന്നയിക്കുന്ന പ്രവാസി പ്രശ്‌നങ്ങൾ സശ്രദ്ധം കേട്ടു വേണ്ട ഉപദേശങ്ങൾ നൽകുമായിരുന്നു.

 


ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയും തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനുമായ കാനം രാജേന്ദ്രന്റെ ആകസ്മിക വിയോഗം ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് താങ്ങാനാവാത്ത നഷ്ടമാണ് വരുത്തിവെച്ചത്. അതിലുപരി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മതേതര സമൂഹത്തിന് ശക്തനായ കാവൽ ഭടനെയും നഷ്ടമായി.
വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ സംഘടന രംഗത്തെത്തിയ കാനം രാജന്ദ്രൻ മൂന്നു തവണ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങൾക്ക് വലിയ കരുത്തായിരുന്നു കാനം.
കേരളത്തിലെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നും കാനത്തെ  വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ  ഉറച്ച രാഷ്ട്രീയ നിലപാടുകളും ഓരോ വിഷയങ്ങളിലുമുള്ള അവഗാഹവും  വ്യക്തതയുള്ള കാഴ്ചപാടുകളും പ്രവർത്തശൈലിയും സംസാരത്തിലുള്ള പക്വതയും ദീർഘ വീക്ഷണവും ആണ്.  ഇന്ത്യൻ രാഷ്ട്രീയത്തിന്റെ  സമകാലിക സ്പന്ദനങ്ങൾ മനസ്സിലാക്കിക്കൊണ്ട് എന്നും ഇടതുപക്ഷ ഐക്യത്തിനു വേണ്ടി മുൻനിരയിൽ നിലകൊണ്ട നേതാവായ കാനം  ഭരണത്തിലുള്ളപ്പോഴും തന്റെ ശക്തമായ നിലപാടുകൾ വഴി ഇടതുപക്ഷ മുന്നണിയിലെ തിരുത്തൽ ശക്തിയായി മാറാൻ  കഴിഞ്ഞതു കാരണം കേരളത്തിലെ പൊതുസമൂഹം അദ്ദേഹത്തെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എല്ലാ കാലത്തും മത ജാതി വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച അദ്ദേഹം തൊഴിലാളി വർഗത്തിന്റെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങൾക്കായി നിയമസഭയിലും പുറത്തും പൊരുതി. മനുഷ്യാവകാശ, ജനാധിപത്യ പോരാട്ടങ്ങളിൽ ഉറച്ച നിലപാടെടുത്ത നേതാവായിരുന്നു കാനം. 
യു.എ.പി.എ നിയമത്തിന്റെ കാര്യത്തിലാണങ്കിലും മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന വിഷയത്തിലാ ണെങ്കിലും കാനം കർക്കശമായ നിലപാടെടുത്തത് കേരളം കണ്ടതാണ്. നല്ലൊരു പാർലേെമന്ററിയൻ ആയിരുന്നു അദ്ദേഹം. വാഴൂർ മണ്ഡലത്തെ രണ്ടു പ്രാവശ്യം പ്രതിനിധാനം ചെയ്ത അദ്ദേഹം നിർമാണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷക്കായി സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടു പിടിച്ചാണ്  പിന്നീട് നിർമാണ തൊഴിലാളി ക്ഷേമ നിധി നിയമം നിലവിൽ വന്നത്.  അതേപോലെ സിനിമ മേഖലയിലെ അസംഘടിത തൊഴിലാളികളോടുള്ള ചൂഷണത്തിനും  കാലാ കാലങ്ങളായി നടമാടുന്ന അനീതികൾക്കുമെതിരെ അവരിൽ സംഘടനാബോധം സൃഷ്ടിച്ച  ചരിത്രപരമായ  ഇടപെടലാണ്  കാനത്തിന്റെ നേതൃത്വത്തിൽ നടന്നത്.
നടൻ തിലകൻ മലയാള സിനിമയിൽ നിന്നും വിലക്കപ്പെട്ടപ്പോൾ കാനത്തിന്റെ  ജനകീയ ഇടപെടലാണ്  നിർണായകമായ വഴിത്തിരിവുണ്ടാക്കിയത്.
തിലകന്റെ തിരിച്ചുവരവ് ആ പോരാട്ട വീര്യത്തോടും കടപ്പെട്ടിരിക്കുന്നു. ട്രേഡ് യൂനിയൻ തൊട്ടു തീണ്ടാത്ത മലയാള സിനിമയിൽ  കാനം സൃഷ്ടിച്ചത് ചരിത്രപരമായ തിരുത്താണ്. മാക്ട ഫെഡറേഷനും  അതിന്റെ എതിരാളികളായ ഫെഫ്കയും അതിന്റെ ബാക്കിപത്രമാണ്. തിലകനെ ധൈര്യപൂർവം അക്കാലത്ത് പിന്തുണച്ച  ഒരേയൊരു രാഷ്ട്രീയ നേതാവായിരുന്നു കാനം.
ശാരീരികാസ്വസ്ഥത മൂലം കുറച്ചു കാലമായി വിശ്രമത്തിലായിരുന്നെങ്കിലും കേരളത്തിന്റെ വിവിധ സാമൂഹ്യ പ്രശ്‌നങ്ങളിലുള്ള ദൈനംദിന ഇടപെടൽ മൂലം അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ഇക്കഴിഞ്ഞ ദിവസം രോഗം മൂർഛിച്ച് കാൽപാദം മുറിച്ചു മാറ്റിയിട്ടും തളരാത്ത ഇഛാശക്തിയോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ പ്രതീക്ഷ പൊടുന്നനെ വില്ലനായി വന്ന ഹൃദയാഘാതം കെടുത്തിക്കളഞ്ഞു. രാഷ്ട്രീയ പ്രബുദ്ധ കേരളത്തിനു തന്നെ ഒരു വലിയ നഷ്ടമായി ആ വേർപാട്. വംശനാശം വന്നുകൊണ്ടിരിക്കുന്ന ഔന്നത്യമുള്ള ജനകീയ നേതാക്കളിൽ സ്മരണകളിൽ ജ്വലിക്കുന്ന പ്രകാശമായി കാനം നമ്മുടെ മനസ്സിൽ ഇടം പിടിക്കും.
കാനവുമായി എനിക്കു അടുത്തിടപെടാൻ അവസരം ലഭിച്ചത്  2019 ഡിസംബറിൽ ഞാൻ ലോക കേരള സഭയിൽ അംഗമായതോടെയാണ്. മൂന്നു ദിവസത്തെ തിരുവന്തപുരത്തെ സഭ സമ്മേളനത്തിൽ ഒരു ദിവസം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുക്കുന്ന ഞങ്ങളുടെ പ്രതിനിധികളുമായി പരിചയപ്പെടുകയും പിറ്റേന്നുള്ള സഭ സമ്മേളനത്തിൽ ഉന്നയിക്കുന്ന പ്രവാസി പ്രശ്‌നങ്ങൾ സശ്രദ്ധം കേട്ടു വേണ്ട ഉപദേശങ്ങൾ നൽകുമായിരുന്നു. കൊറോണ സമയത്ത് എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തത്തിലുള്ള വിഷമം ഞാനുമായി അദ്ദേഹം ഫോണിൽ പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലി.

(ദമാം നവയുഗം സാംസ്‌കാരിക വേദി പ്രസിഡന്റും ലോക കേരള സഭാംഗവുമാണ് ലേഖകൻ)

Latest News