മുംബൈ - ഇന്ത്യൻ സൂപ്പർ ലീഗിലെ(ഐ.എസ്.എൽ) മോശം റഫറിയിംഗിനെതിരെയുള്ള വിമർശത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്കും പിഴയും ചുമത്തി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിനുശേഷം റഫറിയുടെ തെറ്റായ തീരുമാനം മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടിയതിന് ഒരു മത്സരത്തിൽനിന്ന് വിലക്കും 50,000 രൂപ പിഴയുമാണ് എ.ഐ.എഫ്.എഫ് ചുമത്തിയത്.
ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. ഇതോടെ, ഈ മാസം 14ന് പഞ്ചാബ് എഫ്.സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിൽ വുക്കൊമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. മത്സരത്തിന്റെ തലേന്നുള്ള വാർത്താസമ്മേളനത്തിലും അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല.
ചെന്നൈയിൻ എഫ്.സിയുമായി 3-3ന് സമനില പാലിച്ച മത്സരത്തിനു ശേഷം റഫറീയിങ്ങിലെ പിഴവുകൾ വുക്കൊമനോവിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. റഫറി ഓഫ്‌സൈഡ് വിളിക്കാത്തതും ചെന്നൈ എഫ്.സിയുടെ രണ്ടാം ഗോൾ അനുവദിച്ചതുമായിരുന്നു വിമർശത്തിന് ആധാരമായത്. 'ഈ റഫറിമാരൊന്നും പ്രഫഷണലായ രീതിയിൽ മത്സരം കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരല്ല. സത്യത്തിൽ ഇതൊന്നും അവരുടെ മാത്രം പിഴവല്ല, അവരെ പരിശീലിപ്പിക്കുന്നവരുടെയും കളത്തിലിറങ്ങാൻ അവസരം നൽകുന്നവരുടെയും പിഴവാണ്. ഈ വർഷം പ്ലേ ഓഫും ട്രോഫിയുമൊന്നും തീരുമാനിക്കപ്പെടുക ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകില്ല എന്നു പറയാൻ എനിക്കു വിഷമമുണ്ട്. റഫറിമാരാകും ഇതെല്ലാം തീരുമാനിക്കുക. ഇതേക്കുറിച്ച് പറഞ്ഞുപറഞ്ഞ് ഞങ്ങൾ മടുത്തു. അവർ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം തീരുമാനങ്ങൾ കളിയുടെ സ്പിരിറ്റിനെ കൊല്ലുമെന്നായിരുന്നു' -വുക്കൊമനോവിച്ചിന്റെ വിമർശം.
ഐ.എസ്.എല്ലിലെ റഫറിയിങ്ങിനെതിരെ കഴിഞ്ഞ സീസണിലും ശക്തമായ പ്രതിഷേധം അറിയിച്ച് മൈതാനം വിട്ടതിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നാലു കോടിയും വുക്കൊമാനോവിച്ചിനെതിരെ അഞ്ചുലക്ഷം രൂപ പിഴയും പത്തു മത്സരങ്ങളിൽ വിലക്കിയും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, പലപ്പോഴും തെറ്റായ തീരുമാനം നടപ്പാക്കുന്ന റഫറിമാർക്കെതിരെ ശക്തമായ നടപടി എടുക്കാനോ ടീമുകൾക്കും താരങ്ങൾക്കും പൂർണ നീതി ലഭ്യമാക്കാനോ അധികൃതർക്കാവുന്നുമില്ല