ഷാര്‍ജ- ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്-സി.പി.എം സഖ്യത്തിന് മികച്ച വിജയം. കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി മാനേജിംഗ് കമ്മിറ്റിയിലേക്ക് ഒരു സീറ്റ് മാത്രം ലഭിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം അര്‍ധരാത്രി രണ്ടുമണിയോടെയാണ് വരണാധികാരി പോള്‍ ടി.ജോസഫ് പ്രഖ്യാപിച്ചത്.
പ്രസിഡന്റ് ആയി കെ.എം.സി.സി. യു.എ.ഇ. ട്രഷറര്‍ നിസാര്‍ തളങ്കര (674) തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ഇന്‍കാസിലെ ഇ.പി.ജോണ്‍സനെതിരെ 43 വോട്ടിന്റെ (631) ഭൂരിപക്ഷത്തിലാണ് നിസാര്‍ തളങ്കര വിജയിച്ചത്. ജനറല്‍ സെക്രട്ടറിയായി മാസിലെ പി. ശ്രീപ്രകാശ് (733) വിജയിച്ചു. നിലവിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എതിര്‍സ്ഥാനാര്‍ഥി അഡ്വ. വൈ.എ.റഹീമിനെ 170 വോട്ടുകള്‍ക്ക് (563) ശ്രീപ്രകാശ് പരാജയപ്പെടുത്തി. സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ സഹോദരനാണ് ശ്രീപ്രകാശ്. ഖജാന്‍ജിയായി എന്‍.ആര്‍.ഐ. ഫോറം പ്രതിനിധി ഷാജിജോണ്‍ (765) വിജയിച്ചു. അദ്ദേഹം എതിര്‍സ്ഥാനാര്‍ഥി ശ്രീനാഥ് കാടഞ്ചേരിയെക്കാള്‍ 234 വോട്ടുകള്‍ കൂടുതല്‍ നേടി. ഓഡിറ്റര്‍ ആയി 'പ്രതീക്ഷ' സംഘടനയുടെ പ്രതിനിധി എം.ഹരിലാല്‍ (660) തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥി പി.വി.സുകേശനെ 254 വോട്ടുകള്‍ക്കാണ് ഹരിലാല്‍ തോല്‍പ്പിച്ചത്.
വൈസ് പ്രസിഡന്റായി എം.ജി.സി.എഫ്. പ്രസിഡന്റ് ടി.കെ.പ്രദീപ് നെന്മാറ (672) എതിര്‍സ്ഥാനാര്‍ഥി ഇന്‍കാസ് യു.എ.ഇ. ജനറല്‍ സെക്രട്ടറി എസ് .മുഹമ്മദ് ജാബിറിനെ 91 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ജോയിന്റ് സെക്രട്ടറിയായി യുവകലാസാഹിതിയിലെ ജിബി ബേബി (752) വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി കെ.എം. അബ്ദുല്‍ മനാഫിന് 434 വോട്ടുകള്‍ ലഭിച്ചു. ടീം ഇന്ത്യ പ്രതിനിധി പി.കെ.റെജി (647) ആണ് സഹ ഖജാന്‍ജി. എതിര്‍സ്ഥാനാര്‍ഥി ബാബു വര്‍ഗീസിനെ 130 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. മാനേജിങ് കമ്മിറ്റിയിലേക്ക് മതേതര ജനാധിപത്യ മുന്നണിയിലെ എ.വി.മധുസൂദനന്‍ (എ.വി.മധു - 622) മാത്രം തിരഞ്ഞെടുക്കപ്പെട്ടു.
അബ്ദു മനാഫ് (697), കെ.കെ.താലിബ് (695), പി.പി.പ്രഭാകരന്‍ (618), അനീഷ് എന്‍.പി. (617), മുരളീധരന്‍ ഇടവന (615), മുഹമ്മദ് അബൂബക്കര്‍ (586) എന്നിവരാണ് വിജയിച്ച മറ്റ് സ്ഥാനാര്‍ഥികള്‍.
വ്യക്തമായ മുന്‍തൂക്കം ലഭിച്ച ജനാധിപത്യ മുന്നണിക്ക് നാലുപേരെ മാനേജിംഗ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും അധികാരമുണ്ട്. തിരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണിയായി മത്സരിച്ച ബി.ജെ.പിയുടെ ഐ.പി.എഫ്. നേതൃത്വം നല്‍കിയ സമഗ്രവികസന മുന്നണിക്ക് കാര്യമായ നേട്ടമുണ്ടായില്ല. പുതിയ ഭരണസമിതി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഷാര്‍ജ അല്‍ ഗുബൈബയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.