കൊച്ചി- പെരിയാറില്‍ നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളവും പരിസരപ്രദേശങ്ങളും മുങ്ങിക്കിടക്കുന്നതിനാല്‍ ശനിയാഴ്ചയും വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് സിയാല്‍ അധികൃതര്‍ സൂചന നല്‍കി. റണ്‍വേയും ഏപ്രണുമെല്ലാം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. വെള്ളം പമ്പു ചെയ്തു പുറത്തേക്കു കളയാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴയും പെരിയാറിലെ ഒഴുക്കും കാരണം വിജയിക്കുന്നില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ ഒഴുക്കിനും മാറ്റമില്ല. ഇതോടെ നെടുമ്പാശ്ശേരിയില്‍ നിന്നും ഇവിടേക്കും അടുത്ത ഏതാനും ദിവസങ്ങളില്‍ യാത്ര ചെയ്യാനിരിക്കുന്നവര്‍ യാത്ര മാറ്റി വയ്‌ക്കേണ്ട സ്ഥിതിയാണ്. ശനിയാഴ്ച വരെ നാലു ദിവസത്തേക്ക് വിമാനത്താവളം അടച്ചിടുന്നതായാണ് കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായിരുന്നത്. കാലാവസ്ഥയില്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇനിയും വൈകാന്‍ സാധ്യതയേറെയാണ്.