ജിദ്ദ- സ്വാർഥത മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന കൈവിരലില്ലെണ്ണാവുന്ന രണ്ടുമൂന്ന് നേതാക്കൾ പാർട്ടിനേതൃത്വം കൈയടക്കിയതാണ് ഇന്ത്യൻ നാഷനൽ ലീഗിനകത്തെ നിർഭാഗ്യകരമായ ശൈഥില്യത്തിനും അനൈക്യത്തിനും കാരണമായതെന്ന് ഐ.എൻ.എൽ സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് കെ.പി ഇസ്മായിൽ അഭിപ്രായപ്പെട്ടു. മന്ത്രിസ്ഥാനം ലഭിച്ച ഐ.എൻ.എൽ നേതാവിനെ ചുറ്റിപ്പറ്റി നടക്കുന്നവരുടെ മോഹവലയത്തിൽ വീണ ചുരുക്കം ചില പ്രവർത്തകർ യാഥാർഥ്യം മനസ്സിലാക്കി വൈകാതെ സംഘടനയിലേക്ക് തിരിച്ചുവരുമെന്നും ഉംറ നിർവഹിക്കാനെത്തിയ ഇസ്മായിൽ മലയാളം ന്യൂസിനോട് പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിലും ഇക്കാര്യത്തിൽ പക്ഷപാതപരമായി പെരുമാറിയതായി ഇസ്മായിൽ ആരോപിച്ചു. ഐ.എൻ.എൽ സ്ഥാപനകാലത്ത് പോലും സജീവമായിരുന്ന ആത്മാർഥത കൈമുതലാക്കി പാർട്ടിയെ നയിച്ച നേതാക്കൾക്കെതിരെ വ്യക്തിഹത്യ നടത്താനും കോടതിയെ സമീപിക്കാനും തുനിഞ്ഞത് ചില കള്ള നാണയങ്ങൾ പാർട്ടിയിൽ നുഴഞ്ഞുകയറിയത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.എ പുതിയവളപ്പിൽ സംസ്ഥാന പ്രസിഡന്റും പി.എം.എ സലാം ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന ഇന്ത്യൻ നാഷനൽ ലീഗിൽ നിന്ന് പി.എം. എ. സലാം കൂറുമാറി മുസ്‌ലിം ലീഗിലേക്ക് പോയ ശേഷം പ്രൊഫ. എ.പി അബ്ദുൽവഹാബ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി. ഇടത് രാഷ്ട്രീയവുമായി എക്കാലത്തും യോജിച്ചുപോന്നിട്ടുള്ള ഐ.എൻ.എല്ലിന്റെ നയനിലപാടുകൾക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വൻസ്വീകാര്യതയും ജനപ്രിയതയും ഏറെ പ്രസിദ്ധമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് എക്കാലത്തും മുൻപന്തിയിൽ നിന്നിട്ടുള്ള ഐ.എൻ.എല്ലിന്റെ വളർച്ചയിലും നേതൃത്വത്തിന്റെ കരുത്തിലും അസൂയാലുക്കളായ ചിലരുടെ കുൽസിതപ്രവർത്തനങ്ങളാണ് പിന്നീട് പാർട്ടിക്കകത്ത് അസ്വാരസ്യങ്ങളുണ്ടാക്കിയത്. എ.പി അബ്ദുൽവഹാബിനോടുള്ള വ്യക്തിവിരോധമാണ് അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് പോകാൻപോലും അക്കൂട്ടരെ പ്രേരിപ്പിച്ചത്. ഐ.എൻ.എൽ എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് അബ്ദുൽവഹാബ്, നാസർകോയ തങ്ങൾ എന്നിവരെ തടയണമെന്നായിരുന്നു ആവശ്യമെന്നും ഇസ്മായിൽ പറഞ്ഞു. ഇക്കാര്യത്തിലുള്ള കീഴ്‌കോടതി വിധിക്കെതിരെയുള്ള അപ്പീൽനടപടികൾ പുരോഗമിക്കുകയാണ്.
ഐ.എൻ.എല്ലിനെ ഘടകകക്ഷിയായി എൽ.ഡി.എഫ് മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടതും അത് അംഗീകരിക്കപ്പെട്ടതും പാർട്ടിയെ സംബന്ധിച്ചേടത്തോളം വലിയ കാര്യമാണെന്നും ഐ.എൻ.എൽ സെക്രട്ടറി പറഞ്ഞു. അതേ സമയം രണ്ടു ഐ.എൻ.എൽ കക്ഷികളും ഒരുമിച്ച് നിൽക്കുകയും ഒരു പാർട്ടിയുമായി വരികയും ചെയ്താൽ മാത്രമേ അർഹമായ ബോർഡ്, കോർപറേഷൻ പദവികൾ നൽകുകയുള്ളൂവെന്നുമാണ് എൽ.ഡി.എഫ് നേതൃത്വം പറഞ്ഞിട്ടുള്ളത്. അധികാരകേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ള ഗൂഢപ്രവർത്തനങ്ങളിൽ നിന്ന് പാർട്ടിയിലെ ഒരു വിഭാഗം പിൻമാറിയാൽ മാത്രമേ ഐക്യം സാധ്യമാവുകയുള്ളൂവെന്ന് ഇസ്മായിൽ പറഞ്ഞു. ഒത്ത് തീർപ്പ് ചർച്ചകൾ പലഘട്ടങ്ങളിലായി നടന്നുവെങ്കിലും ഒന്നോ രണ്ടോ പേരുടെ മർക്കടമുഷ്ടിക്ക് മുമ്പിൽ അത് വിഫലമാവുകയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത്പക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് ആശ്രയമെന്നും നവകേരള സദസ്സുൾപ്പെടെ എല്ലാ എൽ.ഡി.എഫ് ക്യാംപയിനുകളിലും ഐ.എൻ.എൽ പ്രവർത്തകർ കൈമെയ് മറന്ന് സഹകരിക്കുന്നുണ്ടെന്നും കെ.പി. ഇസ്മായിൽ കൂട്ടിച്ചേർത്തു.