ജിദ്ദ- ഏകദേശം പത്തു ദിവസം മുമ്പാണ് വേൾഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം സൗദി അറേബ്യക്ക് ലഭിച്ചത്. 2030-ൽ നടക്കാനിരിക്കുന്ന വേൾഡ് എക്‌സ്‌പോ റിയാദിലാണ്. 66 ശതമാനം വോട്ട് നേടിയാണ് വേൾഡ് എക്‌സ്‌പോ സൗദി തലസ്ഥാനമായ റിയാദിലേക്ക് എത്തുന്നത്. മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലിയിലെ റോമിനെയും ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ നഗരമായ ബുസാനെയും ബഹുദൂരം പിന്നിലാക്കിയാണ് റിയാദ് വിജയിച്ചത്. വൻ ഒരുക്കങ്ങൾ നടത്തിയാണ് റിയാദ് ഈ അവകാശം സ്വന്തമാക്കിയത്. 2034 വരെ ലോകം കാത്തിരിക്കുന്ന നിരവധി ഇവന്റുകളാണ് സൗദിയിൽ നടക്കുക.
മാറ്റത്തിന്റെ യുഗം, ദീർഘദൃഷ്ടിയുള്ള നാളെയ്ക്കായി ഒരുമിച്ച് എന്ന തലവാചകത്തോടെയാണ് വേൾഡ് എക്‌സ്‌പോ നടക്കുന്നത്. എക്‌സ്‌പോ രാജ്യത്തിനും വിദേശികൾക്കും എങ്ങിനെ ഉപകാരപ്പെടുമെന്ന് പരിശോധിക്കാം.
50 ദശലക്ഷത്തിലധികം സന്ദർശകർ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി വൻ സാമ്പത്തിക നേട്ടങ്ങൾ സൃഷ്ടിക്കാനാകുമെന്നും രാജ്യം കണക്കാക്കുന്നു.
സന്ദർശകരുടെ വരവ് ടൂറിസം വ്യവസായത്തെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തെ വേഗത്തിലാക്കുകയും സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകവും പ്രകൃതി ആകർഷണങ്ങളും ലോകത്തിന് മുന്നിൽ അനാവൃതമാകുകയും ചെയ്യും.
ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കമ്പനികൾ എന്നിവക്കും വൻ സാധ്യതകളാണ് വരാനിരിക്കുന്നത്. എക്‌സ്‌പോയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമായി വരും. നിർമ്മാണ സാമഗ്രികൾ, ഉപകരണങ്ങൾ, തൊഴിലാളികൾ എന്നിവയുടെ ആവശ്യകത വർദ്ധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വിജ്ഞാന വിനിമയവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എക്‌സ്‌പോ മാറും.
സൗദി അറേബ്യ പുതിയ ബ്രാൻഡായി വളർന്നുവരും. മാറുന്ന സൗദിയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനും അന്താരാഷ്ട്ര പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ ആകർഷിക്കുന്നതിനും എക്‌സ്‌പോ നിമിത്തമാകും.
വിനോദസഞ്ചാരം, ആതിഥ്യം, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിൽ എക്‌സ്‌പോയുടെ സ്വാധീനം സൗദി അറേബ്യ വരുമാനത്തിനായി എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും.
എല്ലാറ്റിലുമുപരിയായി വേൾഡ് എക്‌സ്‌പോ സൗദി അറേബ്യയെ കൂടുതൽ വൈവിധ്യപൂർണ്ണവും സുസ്ഥിരവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുകയും മാറ്റത്തിനുള്ള വഴിവിളക്കായി വർത്തിക്കുകയും ചെയ്യും. എക്‌സ്‌പോയുടെ സ്വാധീനം സാമ്പത്തിക നേട്ടങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കും.
ലോകം സൗദി അറേബ്യയിലേക്ക് വരുമെന്നും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താൻ നമുക്ക് അവസരം ലഭിക്കുമെന്നുമാണ് സൗദിയിലെ ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റിയിലെ അധ്യാപിക ഡോ. ഗദീർ മലൈബാരി പറയുന്നത്. റിയാദിൽ എക്‌സ്‌പോ 2030 നടക്കുമെന്ന പ്രഖ്യാപനം വരും തലമുറകൾക്ക് കൂടി പ്രചോദനമേകുന്നതാണെന്ന് ഗദീർ മലൈബാരി പറഞ്ഞു.