കാസര്‍ഗോഡ് - ബേഡകത്ത് ഭര്‍തൃവീട്ടില്‍ പള്ളിക്കര സ്വദേശി മുര്‍സീനയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലപാതക ആരോപണവുമായി കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും മുര്‍സീനയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുര്‍സീനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും ഇയാളുടെ മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന മുന്‍പും പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. മുര്‍സീനയുടെ മരണം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും, അതില്‍ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് കുടുംബം പരാതി നല്‍കി. 2020ലായിരുന്നു അസ്‌കറുമായുള്ള മുര്‍സീനയുടെ വിവാഹം. രണ്ട് വയസ്സുള്ള മകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.