കോട്ടയം - അവസാനമായി ഒരു നോക്കു കാണാനായി എത്തിയ ആയിരക്കണക്കിന് ആളുകളുടെ അന്ത്യാഞ്ജലികള്‍ക്കൊടുവില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം വിട നല്‍കി. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ്് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.
വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സി പി ഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഭൌതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി വൈകിയും എം സി റോഡില്‍ പ്രധാന ജംഗ്ഷനുകളില്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമെത്തിയിരുന്നു. അരനൂറ്റാണ്ടിലേറെക്കാലം കൈകളിലേറ്റിയ ചെങ്കൊടി പുതപ്പിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാനം രാജേന്ദ്രനെ യാത്രയാക്കിയത്.