ലോകം കണ്ട ഏറ്റവും വലിയ മനുഷ്യവേട്ടയായിരുന്നു സദ്ദാം ഹുസൈനെ പിടിക്കാൻ അമേരിക്ക നടത്തിയതെന്നത് ചരിത്രം. 2003 മാർച്ചിൽ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം, ഇറാഖിൽ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും റഡാർ സംവിധാനങ്ങളുടേയും കണ്ണ് വെട്ടിച്ച് 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ അൽഔജയിൽനിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ ഒരു കൃഷിക്കളത്തിലെ മൺഗുഹയിലായിരുന്നു.അമേരിക്ക 25 ദശലക്ഷം ഡോളർ സദ്ദാമിന്റെ തലയ്ക്ക് വിലയിട്ട സമയം. ഇതൊക്കെയായിട്ടും സദ്ദാമിനെ ഒളിപ്പിച്ച മനുഷ്യനാകണം, ആധുനിക ലോകത്തിലെ ഏറ്റവും വലിയ ധീരന്മാരിലൊരാൾ. ഉവ്വ്, ഇപ്പോൾ അമ്പത് വയസ്സ് പിന്നിട്ട ആ ഇറാഖി കർഷകനെ ഈ ലേഖകൻ ജിദ്ദയിൽ കണ്ടുമുട്ടി, സംസാരിച്ചു. 'ഹൈഡിംഗ് സദ്ദാം' ഫിലിം ഫെസ്റ്റിവൽ സിനിമയിൽ തന്റെ അനുഭവം അയവിറക്കുന്ന അലാ നാമിഖിന്റെ ജീവിതചിത്രം.
ഇന്നലെ തിരശ്ശീല വീണ മൂന്നാമത് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പകർന്നുനൽകിയ ദൃശ്യാനുഭവങ്ങളെക്കുറിച്ച് പറയാനേറെയുണ്ട്. നിരവധി ലോകോത്തര സിനിമകൾ ആസ്വദിക്കാനും ബോളിവുഡിൽനിന്നുൾപ്പെടെയുള്ള ഒട്ടേറെ ചലച്ചിത്രപ്രതിഭകളെ കാണാനും സംവദിക്കാനും അവസരം ലഭിച്ച ഇത്തവണത്തെ ഫെസ്റ്റിവൽ പക്ഷേ, മനസ്സിൽ നിന്നൊരിക്കലും മാഞ്ഞുപോകാത്തൊരു ഹൃദയഹാരിയായ ചിത്രം കൊത്തിവെച്ചുതന്നു. അത് അലാ നാമിഖ് എന്ന ഇറാഖിപൗരനെ കണ്ടതും സംസാരിച്ചതുമാണ്. അഭ്രപാളികളിൽ ഇന്നോളം തെളിഞ്ഞു കണ്ട എല്ലാ സിനിമാക്കഥകളെയും വെല്ലുന്ന ജീവിതമാണ് അലായുടേത്.
ഹൈഡിംഗ് സദ്ദാം ഹുസൈൻ
പതിനാലു വർഷം ആരോടും പറയാതെ മനസ്സിൽ സൂക്ഷിച്ച ഒരു ജീവിതകഥയെ എങ്ങനെ സിനിമയാക്കാമെന്ന ചിന്തയിൽ നിന്നാണ് കുർദിഷ്- നോർവീജിയൻ ചലച്ചിത്രകാരൻ ഹൽഖൗത്ത് മുസ്തഫയുടെ പ്രതിഭയിൽ നിന്ന് 'ഹൈഡിംഗ് സദ്ദാം ഹുസൈൻ' എന്ന പ്രസിദ്ധമായ ഫീച്ചർ- ഡോക്യുമെന്ററി രൂപം കൊള്ളുന്നത്.
എൽ ക്ലാസിക്കോ, റെഡ് ഹാർട്ട് എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ മുസ്തഫയുടെ കുടുംബത്തിന് ഇറാഖ് വിട്ട് നോർവെയിൽ അഭയം തേടേണ്ടി വന്നത് സദ്ദാം ഹുസൈന്റെ കുർദിഷ് വേട്ടയുടേയും കൂട്ടക്കുരുതിയുടേയും ഫലമായായിരുന്നു. സദ്ദാമിനെ പിടിക്കാനാവാതെ അമേരിക്കൻ പട്ടാളം വിയർക്കുന്നതും ബങ്കറിൽ സുരക്ഷിതനായിരിക്കുന്നുണ്ടാകുമെന്ന പ്രചാരണവുമെല്ലാം മുസ്തഫയിലെ ചലച്ചിത്രകാരൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എട്ടുമാസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ അമേരിക്കയ്ക്ക് ആശ്വാസവും ലോകത്തിനാകെ വിസ്മയവും പകർന്ന വാർത്ത വന്നു. സദ്ദാം പിടിക്കപ്പെട്ടു. തുടർന്ന് ആ സംഭവത്തിന്റെ പിന്നാലെ അന്വേഷണവുമായി മുസ്തഫ അലഞ്ഞു. രണ്ടു വർഷത്തിനു ശേഷമാണ് അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ ഒളിവിൽ താമസിപ്പിച്ചതെന്ന വിവരമറിയുന്നത്.
അജ്ഞാതനായ അതിഥി
ഖൈസ് എന്ന മൂത്ത സഹോദരനാണ് അല നാമിഖിനോട് ഒരു അതിഥിയുണ്ടെന്നും കുറച്ചുനാൾ അദ്ദേഹത്തെ ഇവിടെ താമസിപ്പിക്കണമെന്നുമാവശ്യപ്പെട്ടത്. അതിഥി ആരാണെന്നോ എവിടെ നിന്നാണോ എന്നൊന്നും അലാ അന്വേഷിച്ചില്ല. പൊതുവെ അതിഥി സൽക്കാരത്തിൽ അഗ്രഗണ്യരായ അറബികളുടെ പൈതൃകം തന്നെയാണ് അലായുടേതും. പിറ്റേന്നാൾ ടൈഗ്രിസിനു മേൽ സൂര്യൻ വീണുടഞ്ഞ സന്ധ്യക്ക് ഖൈസിനൊപ്പം അജ്ഞാതനായ ഈ അതിഥി, അലായുടെ കൃഷിക്കളത്തിലെത്തി. ഇരുൾ വീണുതുടങ്ങിയിരുന്നു. സലാം പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും അയാളുടെ നേർക്ക് നോട്ടമെറിഞ്ഞു. വിശ്വസിക്കാനാകുന്നില്ല. മുഖം വ്യക്തമായതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു. യാ അല്ലാഹ്, ഇത് പ്രിയപ്പെട്ട റഈസാണല്ലോ (പ്രസിഡന്റ്)?
ലോകം മുഴുവൻ അന്വേഷിച്ചു നടക്കുന്ന ഭരണാധികാരി, കശാപ്പുകാരനെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും വിധിയെഴുതിയ നേതാവിതാ, ചെങ്കോലും കിരീടവും നഷ്ടപ്പെട്ട്, തീർത്തും നിസ്വനായ ഒരു യാചകനെപ്പോലെ തന്റെ മുന്നിൽ. കൂടുതലൊന്നും ആലോചിച്ചില്ല. അതിഥിയെ അലാ ഹൃദയപൂർവം ഏറ്റെടുത്തു.
സൽക്കരിച്ചു. ഭക്ഷണം വിളമ്പി. കൃഷിക്കളത്തിൽ വിളഞ്ഞ പഴങ്ങൾ നൽകി. നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്തു. ഓതാൻ ഖുർആൻ കൊടുത്തു. കൃഷിക്കളത്തിൽ അലാ മാത്രമേ ഇപ്പോൾ താമസിക്കുന്നുള്ളു. കുടുംബം കുറച്ചുദൂരെയാണ്. അവരോട് തനിക്കൊരു വിരുന്നുകാരനുണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂ. സദ്ദാം ഹുസൈനെയാണ് ഒളിവിൽ താമസിപ്പിക്കുന്നതെന്ന് അലാ നാമിഖിനു പുറമെ, സഹോദരൻ ഖൈസിനും സദ്ദാമിന്റെ വലംകൈയും ബാത്ത് പാർട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിമിനും മാത്രമേ അറിയൂ.
ശത്രുക്കളുടെ കണ്ണ് വെട്ടിച്ച്, കരുതലോടെ..
ഇറാഖിന്റെ ആകാശത്തിനു ചുറ്റും പോർവിമാനങ്ങൾ കഴുകൻ കണ്ണുകളുമായി സദ്ദാമിനെത്തേടി ഹുങ്കാരത്തോടെ വട്ടംചുറ്റി. അലാ തന്റെ മുറ്റത്തൊരു കുഴി കുത്തി. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മൺഗുഹ. പ്രാണവായു ലഭിക്കുന്ന വിധം ഗുഹയ്ക്ക് മുകളിൽ വിരിഞ്ഞ പൂക്കളുള്ള ചെടിച്ചട്ടികൾ വെച്ച് മൂടി. സദ്ദാമിനെ സദാ 'റഈസ് ' എന്നു തന്നെയാണ് അലാ വിളിച്ചുപോന്നത്. നീണ്ടു ജട കുത്തിയ സദ്ദാമിന്റെ മുടി മുറിക്കുന്നതും താടി ഷേവ് ചെയ്ത് കൊടുക്കുന്നതും സോപ്പ് തേച്ച് കുളിപ്പിക്കുന്നതുമെല്ലാം അലാ നാമിഖ്. അസുഖം വരുമ്പോൾ നാടൻ ചികിൽസ നൽകുന്നതും അലാ. വിശ്വസ്തനായ അംഗരക്ഷകനെപ്പോലെ, കെയർടേക്കർ പോലെ പെരുമാറുമ്പോൾ അലാ ആത്മാർഥമായും ഓർക്കുന്നുണ്ട്. തന്റെ റഈസ് ഇപ്പോഴും വിശ്വസിക്കുന്നത് പോലെ ഇന്നല്ലെങ്കിൽ നാളെ ഇതേ റഈസ് തന്നെ ഇറാഖിന്റെ ഭരണാധികാരത്തിൽ തിരിച്ചുവരുമ്പോൾ താനായിരിക്കും അദ്ദേഹത്തിന്റെ വലംകൈ!
സദ്ദാമിന്റെ കഥ പറയുമ്പോൾ വിങ്ങിപ്പൊട്ടി
പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ച് വർഷം അടക്കിവാണ, ഇറാഖിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭരണാധികാരിയെയാണ് ആരുടേയും കണ്ണിൽപെടാതെ താൻ സംരക്ഷിക്കുന്നതെന്ന് അഭിമാനത്തോടെ അലാ പറയുമ്പോൾ ആ മിഴികളിൽ എപ്പോഴും കണ്ണീർത്തിളക്കമുണ്ട്.
ജിദ്ദ റെഡ് സീ വോക്‌സ്മാളിലെ ഐമാക്‌സ് തിയേറ്ററിലെ നിറഞ്ഞ സദസ്സിലായിരുന്നു 'ഹൈഡിംഗ് സദ്ദാം ഹുസൈൻ' പ്രദർശിപ്പിച്ചത്. സിനിമയിൽ അലാ നാമിഖ് തന്നെ യഥാർഥ സംഭവം നറേറ്റ് ചെയ്യുകയാണ്. ഉള്ളിൽത്തട്ടിയാണ് അദ്ദേഹം ഓരോ സംഭവവും പറയുന്നതും അതിനനുസരിച്ച് വിഷ്വലുകൾ വികസിക്കുന്നതും. ഉള്ളുലയ്ക്കും വിധമാണ് ഓരോ ഷോട്ടുകളും ചിത്രീകരിച്ചിട്ടുള്ളത്.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കപ്പെട്ടശേഷം എട്ടുമാസം സദ്ദാം എവിടെപ്പോയെന്ന് ലോകമറിഞ്ഞില്ല. തിക്‌രിത്തിലെ കൃഷിക്കളത്തിൽ നിന്ന് സദ്ദാം പിടിക്കപ്പെട്ട വാർത്ത കേട്ടപ്പോൾ സംവിധായകൻ ഹൽഖൗത്ത് മുസ്തഫ ആദ്യം വിശ്വസിച്ചില്ല. മറ്റു പല ഇറാഖികളും കരുതിയിരുന്നതും സദ്ദാം തന്റെ കവചങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് ബങ്കറിൽ സുരക്ഷിതനായിരിക്കുന്നുണ്ടാവുമെന്നാണ്. എന്നാൽ ഇത്രയും ശക്തനായൊരു നേതാവിനെ മാളത്തിലൊളിച്ച എലിയെപ്പോലെ തൂക്കിയെടുത്തുവെന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത വാർത്ത സത്യമായിരുന്നു. കൃഷിഭൂമിയിലെ കൊച്ചുകളപ്പുരയിലും അതിന്റെ മുറ്റത്തെ മണ്ണ് വെട്ടിയുണ്ടാക്കിയ ഖബർ പോലെയുള്ള കുഴിയിലും സദ്ദാം എങ്ങനെ ഇത്രയും നാൾ കഴിഞ്ഞുകൂടിയെന്നതിന്റെ പൊരുൾ തേടി സംവിധായകൻ മുസ്തഫ ഇരുപത്തഞ്ച് മാസം അലഞ്ഞുനടന്നു. ആയിടയ്ക്ക് വാഷിംഗ്ടൺ പോസ്റ്റിലെ ഒരു വാർത്തയിൽനിന്നാണ് അലാ നാമിഖ് എന്ന പേര് കണ്ടത്. അത് മനസ്സിലുടക്കിയ മുസ്തഫ, ആ പേരിന്റെ ഉടമയെത്തേടി ഒരു കൊല്ലം അലഞ്ഞുനടന്നു. അമേരിക്കൻ ഭടൻ ലിൻഡെയോടൊപ്പം അലാ നാമിഖ് എന്ന തടവുകാരന്റെ പടം അടിക്കുറിപ്പോടെ അമേരിക്കൻ പത്രങ്ങളിൽ അച്ചടിച്ചത് മുസ്തഫയ്ക്ക് സഹായകമായി. ഒടുവിൽ അലായെ കണ്ടെത്തി. പക്ഷേ അദ്ദേഹം ഒന്നും സംസാരിച്ചില്ല. കൂടുതലൊന്നും പറയാൻ താൽപര്യം കാട്ടിയതുമില്ല.
സദ്ദാമിന് അഭയം കൊടുത്തതിന്റെ പേരിൽ രണ്ടു കൊല്ലം ജയിൽ ശിക്ഷ അനുഭവിച്ച അലാ, കുപ്രസിദ്ധമായ അബുഗാരിബ് ജയിലിലെ കൊടിയ പീഡനങ്ങൾക്കും കടുത്ത മനുഷ്യാവകാശലംഘനങ്ങൾക്കുമെതിരെ ഇരമ്പിയ ആഗോള പ്രതിഷേധത്തെത്തുടർന്ന് ജയിൽ അടച്ചുപൂട്ടേണ്ടി വന്നപ്പോൾ മോചിതനാവുകയായിരുന്നു. അങ്ങനെ പുറത്ത് വന്ന സമയത്താണ് മുസ്തഫ, അലായെ കാണുന്നതും അഭിമുഖം നടത്താനുള്ള ശ്രമം വളരെ വൈകിയാണെങ്കിലും സഫലമാകുന്നതും.
ലോകം മുഴുവൻ അന്വേഷിച്ചുനടന്ന, ഇറാഖ് മുഴുവൻ അരിച്ചുപെറുക്കിയ, വൻശക്തിയുടെ അത്യാധുനിക സജ്ജീകരണങ്ങളേയും സംവിധാനങ്ങളേയും തെല്ലും കൂസാതെ, 235 നാൾ തന്റെ പ്രസിഡന്റിനെ ചേർത്ത് നിർത്തിയ അലാ നാമിഖ് ഒരു പക്ഷേ അബുഗാരിബ് ജയിൽ അടച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ജീവനോടെയിരിക്കുമോ എന്ന കാര്യം സംശയമാണെന്നും സംവിധായകൻ പറയുന്നുണ്ട്. അത് എന്റെ കൂടി ഒരു ഭാഗ്യമാവാം. അല്ലെങ്കിൽ എന്റെ ക്യാമറക്കണ്ണുകളുടെ ഭാഗ്യം.
തിക്‌രീത്ത് ഗ്രാമത്തിലെ കൃഷിക്കളത്തിലേക്ക് അപൂർവമായി എത്തുന്ന സന്ദർശകനാണ് മുഹമ്മദ് ഇബ്രാഹിം. അയാൾ കൊണ്ടു വന്ന ചില കടലാസുകൾ സദ്ദാം വായിക്കുകയും ഒപ്പ് വെക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പഴയൊരു ടേപ്പ്‌റെക്കാർഡറിൽ സദ്ദാമിന്റെ പ്രസംഗം റെക്കാർഡ് ചെയ്ത് പുറത്ത് വിട്ടത് പിറ്റേന്ന് ഇറാഖിലെ ജനങ്ങൾ കേട്ട് അദ്ഭുതം കൊള്ളുന്നുണ്ട്. സദ്ദാം അനുകൂലികൾ നിശ്ശബ്ദമായി ആശ്വാസത്തിന്റെ നെടുവീർപ്പയച്ചു. വീണ്ടും അധികാരത്തിൽ താൻ തിരിച്ചെത്തുമെന്നു തന്നെയായിരുന്നു അവസാനം വരെ സദ്ദാം വിശ്വസിച്ചിരുന്നതെന്ന് ആ വാക്കുകളിൽ നിന്നറിയാം. തന്റെ റഈസ് വീണ്ടും ഇറാഖിന്റെ ഭരണം പിടിച്ചാൽ താൻ അദ്ദേഹത്തിന്റെ വലംകൈയായി മാറുമെന്ന് അലാ നാമിഖ് മോഹിക്കുന്നത് ഈ വിശ്വാസം കൊണ്ടായിരുന്നു.
കൊട്ടാരത്തിൽനിന്ന് കുടിലിലേക്ക്
ബാഗ്ദാദിലെ വെണ്ണക്കൽകൊട്ടാരത്തിന്റെ ചുവന്ന വെൽവെറ്റ് പതുപതുപ്പിൽ നിന്ന് ടൈഗ്രിസ് തീരത്തെ ഇരുൾഗുഹയുടെ, തിരിയാൻ മടിക്കുന്ന പങ്കയുടെ ചുവട്ടിൽ ജീവിതം ചുരുങ്ങിപ്പോയ ഇറാഖിന്റെ സർവാധിപതി. വിമാനത്തിന്റെ മുഴക്കം കേൾക്കുമ്പോൾ, പട്ടാളവണ്ടികളുടെ ആരവം കേൾക്കുമ്പോൾ ഭീതിയോടെ മൺഗുഹയിലേക്കിറങ്ങുന്ന, ഒരിക്കൽ പത്ത് ലക്ഷം പട്ടാളക്കാരുടെ കമാൻഡറായിരുന്ന സദ്ദാം. ആയിടയ്ക്കാണ് മുഹമ്മദ് ഇബ്രാഹിം പിടിയിലാകുന്നതും സദ്ദാം എവിടെയെന്ന ചോദ്യത്തിന് അയാളിൽ നിന്നുള്ള ഉത്തരം പോലീസിന് ലഭിക്കുന്നതും. ഓപ്പറേഷൻ റെഡ് സോൺ എന്നു പേരിട്ടായിരുന്നു സദ്ദാമിനു വേണ്ടിയുള്ള അമേരിക്കയുടെ തിരച്ചിൽ ശക്തമാക്കിയത്. അലാ നാമിഖ് സജ്ജീകരിച്ച മൺഗുഹയെ പിന്നീട് അമേരിക്കൻ സൈന്യം 'സ്‌പൈഡർ ഹോൾ ' എന്നും പേര് വിളിച്ചു.
സദ്ദാം കെണിയിൽ വീഴുന്നു, അലായും ജയിലിലേക്ക്
2003 മാർച്ച് 20 ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സദ്ദാമിനെ പൊന്നുപോലെ കാത്ത അലാ നാമിഖിനും അടിപതറുകയായിരുന്നു. അവിചാരിതമായി ഇരച്ചെത്തിയ പട്ടാളം. മുകളിൽ ഇരമ്പിവന്ന വിമാനങ്ങൾ. ഒന്നരലക്ഷം പട്ടാളക്കാരും തിക്‌രീത്ത് ലക്ഷ്യമാക്കിയെത്തുന്നു. അവരുടെ ഓപ്പറേഷൻ വിജയം കാണുകയായിരുന്നു. 2003 ഡിസംബർ പതിമൂന്നിന് അലി നാമിഖിന്റെ കൃഷിക്കളത്തിലെ മൺഗുഹയിൽനിന്ന് അമേരിക്കൻ ഭടന്മാർ സദ്ദാമിനെ പിടികൂടി. പട്ടാളത്തിന് വഴികാട്ടിയായി, കൈകളിൽ വിലങ്ങ് വീണ മുഹമ്മദ് ഇബ്രാഹിമുമുണ്ടായിരുന്നു.
എല്ലാം അവസാനിച്ചു. റഈസിന്റെ കാര്യമോർക്കുമ്പോഴായിരുന്നു എനിക്ക് പേടി. എട്ടുമാസം അതീവശ്രദ്ധയോടെ സംരക്ഷിച്ചുപോന്ന പ്രസിഡന്റ് പരാജയപ്പെട്ട പോരാളിയായി മടങ്ങുന്നു. കൈവിലങ്ങുകളുമായി റഈസ് നീങ്ങുന്നത് കാൺകെ, പട്ടാളവണ്ടിയിലേക്ക് തള്ളപ്പെട്ട അലാ നാമിഖ് കരഞ്ഞു. അഭയമേകിയ പ്രിയപ്പെട്ട പ്രസിഡന്റിനെച്ചൊല്ലി കരച്ചിലടങ്ങാത്ത ദിനങ്ങളായിരുന്നു, പിന്നീട്.
വോക്‌സ് സിനിമയിൽ 'ഹൈഡിംഗ് സദ്ദാം ഹുസൈൻ ' പ്രദർശിപ്പിക്കുമ്പോൾ അലാ നാമിഖ്, സംവിധായകൻ മുസ്തഫ എന്നിവരും തിയേറ്ററിലുണ്ടായിരുന്നു. പടം കഴിഞ്ഞ ശേഷം അവർ പ്രേക്ഷകരുമായി സംവദിച്ചു.
അന്ന് ഇരുവരെയും ഔപചാരികമായി പരിചയപ്പെട്ടുവെങ്കിലും കൂടുതൽ സംസാരിക്കാനായില്ല. പിറ്റേ ദിവസം റിറ്റ്‌സ് കാൾട്ടണിലെ ഗാലാ തിയേറ്ററിൽ ഫോർ ഡോട്ടേഴ്‌സ് എന്ന ടുണീഷ്യൻ സിനിമ കാണാൻ രണ്ട് പേരുമെത്തി. നേരെ പോയി വീണ്ടും പരിചയം പുതുക്കി. സിനിമ തുടങ്ങാൻ പോകുന്നു. തിയേറ്ററിൽ വെളിച്ചം കെട്ടു. ഫോട്ടോയെടുക്കാനുള്ള എന്റെ ശ്രമം വിഫലമായി. വാട്‌സാപ്പ് നമ്പർ വാങ്ങി.
മൂന്നാം ദിവസവും അലാ നാമിഖിനെ കാണുകയെന്ന ലക്ഷ്യവുമായി റിറ്റ്‌സ് കാൾട്ടണിലെത്തി. റെഡ് സീ സൂഖിലിരിക്കെ, ആൾക്കൂട്ടത്തിനു നടുവിൽ, ഫെസ്റ്റിവൽ ഗാർഡനിലേക്ക് തനിച്ചു നീങ്ങുന്ന അലാ. ഓടിച്ചെന്ന് സലാം ചൊല്ലി കൈ കൊടുത്തു. പിന്നെ സൂഖിൽ ഞങ്ങളിരുന്നു. ഗഹ്‌വ കഴിച്ചു. പതിനഞ്ചു മിനുട്ടോളം സംസാരിച്ചു. യഥേഷ്ടം ഫോട്ടോകളെടുത്തു. സിനിമയെക്കുറിച്ചും അലായുടെ ഗംഭീര അഭിനയത്തെക്കുറിച്ചും പറയവെ അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യക്കാരെക്കുറിച്ച് ആദരവോടെ സംസാരിച്ചു. ഇറാഖിലെ കഥകൾ ചോദിച്ചപ്പോൾ കൂടുതൽ പറയാൻ പക്ഷേ താൽപര്യം കാട്ടിയില്ല.
- തിക്‌രീത്തിലെ മസ്‌റ (കൃഷിക്കളം) ഇപ്പോഴുണ്ടോ എന്നു ചോദിച്ചപ്പോൾ അലാ പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു. ലാ, ഖത്താ... നഷ്ടപ്പെട്ടുപോയി. (അതെ, സദ്ദാമിനൊപ്പം, ഇറാഖിന്റെ ചരിത്രത്തോടൊപ്പം, അമേരിക്ക പേരിട്ട കൃഷിഫാമിലെ ചിലന്തിഗുഹയും മൺമറഞ്ഞുപോയി).