സുല്‍ത്താന്‍ ബത്തേരി - വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നും പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വയനാട് ഡി എം ഒ അറിയിച്ചു. പ്രജീഷിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെടും. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. കടുവ ആക്രമണം നടന്ന വാകേരി വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഡി എഫ് ഒ അറിയിച്ചു. കാട് വെട്ടിത്തെളിക്കാന്‍ സ്വകാര്യവ്യക്തികളായ ഭൂവുടമകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഡി എഫ് ഒ പറഞ്ഞു. പുല്ലരിയാന്‍ പോയപ്പോഴായിരുന്നു പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്‍ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.